കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതി പി സതീഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് എതിര്‍ സത്യവാങ്മൂലം നല്‍കിയേക്കും. കേസിന്റെ ഗൗരവസ്ഥിതി സംബന്ധിച്ചും പി സതീഷ് കുമാറിന്റെ പങ്കിനെക്കുറിച്ചും ഇ ഡി കോടതിയില്‍ മറുപടി നല്‍കും.
കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറിന് ജാമ്യം നല്‍കരുതെന്നാണ് ഇ ഡിയുടെ വാദം. കൊച്ചി അസിസ്റ്റന്റ് രജിസ്ട്രാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ എറണാകുളം പ്രത്യേക പിഎം.എല്‍.എ കോടതി പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
സി.പി.എം നേതാവ് പിആര്‍ അരവിന്ദാക്ഷൻ ഉൾപ്പടെയുള്ളവർ സതീഷ് കുമാറിൻ്റെ ബിനാമി ആയിരുന്നുവെന്നും കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്ന വാദമാണ് ഇ ഡി ഉന്നയിക്കുന്നത്. ഇതിനായി സഹോദരൻ പി ശ്രീജിത്തിനെ മുന്നിൽ നിർത്തി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇ ഡി പറയുന്നു.
100ന് 10 രൂപ നിരക്കില്‍ പി സതീഷ് കുമാര്‍ പലിശ ഈടാക്കിയെന്നും ഇ ഡി ചൂണ്ടിക്കാട്ടി. എന്നാൽ കെട്ടിച്ചമച്ച വാദങ്ങൾ ആണ് ഇ ഡി ഉയർത്തിയതെന്നും തെളിവുകൾ ഇല്ലാതെയാണ് അറസ്റ്റ് എന്നുമായിരുന്നു സതീഷ് കുമാറിൻ്റെ വാദം. കേസിലെ മറ്റ് 2 പ്രതികളായ സി കെ ജിൽസ്, പി ആർ അരവിന്ദാക്ഷൻ എന്നിവരുടെ ജാമ്യാപേക്ഷ വിചാരണ കോടതിയുടെ പരിഗണനയിലാണ്.