കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന സിപിഎം കൗണ്‍സിലറുടെ പരാതിയില്‍ നിയമോപദേശം തേടാനൊരുങ്ങി പൊലീസ്. കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട കേസായതിനാലാണ് പൊലീസ് നിയമോപദേശം തേടുന്നത്. ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാരോപിച്ച് വടക്കാഞ്ചേരി നഗരസഭ സിപിഎം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷനാണ് കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയി ഇ.ഡി ഓഫീസിലെത്തി ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മുന്‍ മന്ത്രിയും വടക്കാഞ്ചേരി എംഎല്‍എയുമായ എ.സി മൊയ്തീനെതിരെ മൊഴിനല്‍കാന്‍ പറഞ്ഞായിരുന്നു മര്‍ദനമെന്നാണ് അരവിന്ദാക്ഷന്റെ ആരോപണം. അതേസമയം സഹകരണ ബാങ്ക് ബിനാമി വായ്പാ തട്ടിപ്പ് കേസില്‍ എ.സി മൊയ്തീനെ പ്രതി ചേര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം ശക്തമാക്കി. ഇ.ഡിയുടെ നീക്കത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ എ.സി മൊയ്തീന് വേണ്ടി സിപിഎം നേതൃത്വം പാര്‍ട്ടിയുമായി ബന്ധപ്പെട്ട സീനിയര്‍ അഭിഭാഷകരില്‍ നിന്നും നിയമമോപദേശം തേടി. ഈ മാസം 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൊയ്തീന് ഇ.ഡി കത്തു നല്‍കിയിരുന്നുവെങ്കിലും 19,20 തീയതികളില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം ഇ.ഡിയെ അറിയിച്ചിരുന്നു. ഈ ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് റെയ്ഡിന്റെ തിരക്കിലായതിനാല്‍ എ.സി മൊയ്തീനെ പിന്നീട് ഇ.ഡി ചോദ്യം ചെയ്യലിന് വിളിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും അദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന. എ.സി മൊയ്തീന്‍ ഹാജരാക്കിയ രേഖകള്‍ അപൂര്‍ണമാണെന്നും ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്നും ഇ.ഡി നേരത്തെ വ്യക്തമാക്കിയിരുന്നു.