കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന്‍ എംപി ചൊവ്വാഴ്ച്ച ഇഡിക്കു മുന്നില്‍ ഹാജരാകും

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കെ രാധാകൃഷ്ണന്‍ എംപി ചൊവ്വാഴ്ച്ച ഇഡിക്കു മുന്നില്‍ ഹാജരാകും. ഇഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാധാകൃഷ്ണന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. നേരത്തെ മൊഴിയെടുക്കാനായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തിയിരുന്നില്ല. പിന്നീടാണ് ചൊവ്വാഴ്ച്ച എത്താമെന്ന് അറിയിച്ചത്.

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നിലവിലെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ ബാങ്കുമായുളള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇഡി. അന്തിമ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ രാധാകൃഷ്ണന്‍ എംപിയുടെ മൊഴിയെടുക്കുന്നത്.

കരുവന്നൂര്‍ ബാങ്കില്‍ 324 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ഇഡി കണ്ടെത്തിയത്. ബാങ്ക് ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തിട്ടില്ല. ഇഡി പ്രതികളാക്കിയ 53 പേരില്‍ 13 പേരെ മാത്രമാണ് ക്രൈംബ്രാഞ്ച് പ്രതികളാക്കിയത്. 53 പേരുടെയും 128 കോടി വിലവരുന്ന സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഇതില്‍ രണ്ടുകോടി പണവും വാഹനങ്ങളും മറ്റുളളവ സ്ഥലങ്ങളുമാണ്.

webdesk18:
whatsapp
line