കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ കൂടുതല്‍ സി.പി.എം കൗണ്‍സിലര്‍മാരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ മധു അമ്പലപുരത്തോട് ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ഇ.ഡി നിര്‍ദേശം നല്‍കി. കേസിലെ ഒന്നാംപ്രതിയായ സതീഷ് കുമാര്‍ മധു അമ്പലപ്പുരത്തിന്റെ പേരിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തതിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്. വടക്കാഞ്ചേരി കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷനും തൃശുര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനുപ് ഡേവിസിനും പിന്നാലെ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരുന്ന മുന്നാമത്തെ സി.പി.എം കൗണ്‍സിലറാണ് മധു അമ്പലപുരം.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ടി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പിന്റെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷപകരുടെ പണം തിരികെ നല്‍കാനുള്ള തീരുമാനമെടുത്തിരുന്നു. ഇതിനു വേണ്ടി 50 കോടിയോളം രുപ സമാഹരിക്കാനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിരിക്കുന്നത്.
കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക് അന്വേഷണമെത്തുന്നത് സി.പി.എമ്മിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. എം.കെ കണ്ണനെയും എ.സി മൊയ്തീനെയും വീണ്ടും ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അതേസമയം പി.ആര്‍ അരവിന്ദാക്ഷനെ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹമിപ്പോള്‍ ആലുവ സബ്ജയിലിലാണ്.