കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് റബ്കോ എം.ഡി രണ്ടാം ദിവസവും എംഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഹാജരായി. വ്യാഴാഴ്ച ഇദ്ദേഹത്തെയടക്കം 5 പേരെയാണ് ചോദ്യം ചെയ്തത്. ബാങ്കും റബ്കോയും തമ്മിൽ നടത്തിയ ചില ഇടപാടുകളിൽ വ്യക്തത വരുത്താനാണ് മാനേജിങ് ഡയറക്ടർ പി.വി. ഹരിദാസനെ വിളിപ്പിച്ചത്.
ബുധനാഴ്ചയും ഹരിദാസനെ ചോദ്യം ചെയ്തിരുന്നു. റബ്കോയും കരുവന്നൂര്‍ ബാങ്കും തമ്മിലെ സാമ്പത്തിക ഇടപാടുകളുടെ പത്ത് വര്‍ഷത്തെ രേഖകളുമായി ഹാജരാകാനായിരുന്നു നിർദേശമെങ്കിലും മുഴുവൻ വിവരങ്ങളും നൽകിയില്ല. കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ നൽകുമെന്നും ഓൺലൈനിൽ വിവരം ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും ഹരിദാസൻ പ്രതികരിച്ചു.
റബ്കോ ഉൽപന്നങ്ങൾ കരുവന്നൂർ ബാങ്കുവഴി വിൽപന നടത്തിയതിന്റെ അടിസ്ഥാനത്തിൽ അതിന്റെ വിശദാംശങ്ങളാണ് തേടിയത്. റബ്കോയെ സഹായിക്കാനായി കരുവന്നൂർ ബാങ്ക് നൽകിയ 7.57 കോടിക്കു പുറമേ, വ്യാപാര ഇനത്തിൽ ബാങ്കിന് 9.79 കോടിയും തിരികെ നൽകാനുണ്ട്.
റബ്കോയിൽനിന്ന് ബാങ്ക് വാങ്ങിയ ഉൽപന്നങ്ങളിൽ വിറ്റഴിക്കാനാകാത്ത വിധം കേടായവയുടെ വിലയാണ് 9.79 കോടി. എന്നാൽ, ബാങ്കിന്റെ വ്യാപാര വീഴ്ചയായി കാട്ടി റബ്കോ ഈ തുക നൽകാൻ തയാറായില്ല. ബാങ്കാകട്ടെ ഈ തുക തിരിച്ചു പിടിക്കാൻ നടപടിയെടുത്തുമില്ല.
ജീവനക്കാർക്ക് 15 ശതമാനം കമീഷൻ നൽകി രൊക്കം തുകക്കാണ് റബ്കോ കോടികളുടെ ഇടപാട് ബാങ്കുമായി നടത്തിയിരുന്നത്. കേസിലെ ഒന്നാം പ്രതി പി. സതീഷ്കുമാറിന്റെ സഹോദരൻ പി. ശ്രീജിത്ത്, കേസിലെ സാക്ഷികൾക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണം നേരിടുന്ന വടക്കാഞ്ചേരി നഗരസഭ സി.പി.എം. കൗൺസിലർ മധു അമ്പലപുരം, കുറ്റകൃത്യം നടക്കുമ്പോൾ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി യായിരുന്ന ഫെയ്മസ് വർഗീസ്, കള്ളപ്പണം ഉപയോഗിച്ച് പ്രതികൾ വൻതോതിൽ സ്വർണം വാങ്ങിയ ജ്വല്ലറിയുടെ ഉടമ സുനിൽകുമാർ എന്നിവരെയും വ്യാഴാഴ്ച ചോദ്യം ചെയ്തു.