കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സിപിഎം നേതാവിന് ജാമ്യം നല്‍കിയതിനെതിരെ ഇ. ഡി കേസിലെ പ്രതികളായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷനും സി കെ ജില്‍സിന്റെയും ജാമ്യത്തിനെതിരെ ഇ ഡി അപ്പീല്‍ നല്‍കും. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇ ഡിയുടെ തീരുമാനം.
ജാമ്യം നല്‍കാതിരിക്കാന്‍ നിലവില്‍ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനടക്കം ജാമ്യം നല്‍കിയ സുപ്രീംകോടതി ഉത്തരവുകള്‍ കൂടി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നടപടി. കര്‍ശന ഉപാധികളോടെയാണ് കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷനും സി.കെ.ജില്‍സിനും കോടതി ജാമ്യം അനുവദിച്ചത്.
2023 സെപ്റ്റംബര്‍ 26നാണ് കരുവന്നൂര്‍ കേസില്‍ അരവിന്ദാക്ഷന്‍ അറസ്റ്റിലാകുന്നത്. എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്റെ അറിവോടെയാണ് നടന്നതെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍. അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും, ഇത് ബിനാമി വായ്പകള്‍ വഴി ലഭിച്ച പണം ആണെന്നുമായിരുന്നു ഇ.ഡി വാദം. അരവിന്ദാക്ഷനും കേസിലെ മുഖ്യപ്രതി സതീഷ് കുമാറും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും കള്ളപ്പണ ഇടപാടിന്റെ തെളിവായി ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബാങ്ക് മുന്‍ അക്കൗണ്ടന്റ് ജില്‍സ് ലക്ഷക്കണക്കിന് രൂപയുടെ ഭൂമി വില്‍പ്പന നടത്തിയിരുന്നു എന്നും ഇ.ഡി പറയുന്നു.