X

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; സിപിഎം നേതാവ് പികെ ബിജു ഇഡിക്ക് മുന്നിൽ ഹാജരായി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് പി കെ ബിജു ഇഡി ക്ക് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി കെ ബിജുവിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പത്ത് മണിയോടെയാണ് പികെ ബിജു കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകുന്നത് ഒഴിവാക്കാനുള്ള തീരുമാനമാണ് സിപിഎം നേതൃത്വത്തിനുള്ളത് എന്നും അത് കൊണ്ട് തന്നെ പി കെ ബിജു ഇഡിക്ക് മുന്നില്‍ ഹാജരാകില്ല എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കിടെയാണ് പികെ ബിജു നേരിട്ട് തന്നെ ഹാജരായത്.

അതിനിടെ സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ് ലഭിച്ചു. ഇന്നലെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ചുമതലകളുള്ളതിനാല്‍ ഈ മാസം 26 വരെ ഹാജരാകാന്‍ സാധിക്കില്ല എന്ന് എം എം വര്‍ഗീസ് അറിയിക്കുകയായിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ചത്. സിപിഎം കൗണ്‍സിലര്‍ പി കെ ഷാജനും ഹാജരാകാന്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. നാല് പേരെയാണ് കള്ളപ്പണ കേസില്‍ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. പി സതീഷ് കുമാര്‍, പി പി കിരണ്‍, പി ആര്‍ അരവിന്ദാക്ഷന്‍, സി കെ ജില്‍സ് എന്നിവരാണ് നാല് പ്രതികള്‍.

തിരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ വിവാദമുണ്ടാക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് കൊച്ചിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ കേന്ദ്ര സംവിധാനങ്ങള്‍ വഴി കുരുക്കിടാനുള്ള ശ്രമത്തെ ജനങ്ങള്‍ മനസസ്സിലാക്കുമെന്നും ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

webdesk13: