കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗവും എംഎല്‍എയുമായ എ സി മൊയ്തീനെ എന്‍ഫോഴ്സ്സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഇനിയും വിളിച്ച് വരുത്തും.
ആദ്യ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുക. ബിനാമി ലോണുകള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് എസി മൊയ്തീന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്നുള്ളതാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്.
വരുമാനം, നിക്ഷേപങ്ങള്‍, ആദായനികുതി റിട്ടേണുകള്‍ തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ പരിശോധിക്കും. വൈരുദ്ധ്യങ്ങള്‍ വിലയിരുത്തി കൂടുതല്‍ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിന്റെ നീക്കം. അതേസമയം മൊയ്തീന്റെ വസതിയില്‍ റെയ്ഡ് നടത്തുകയും 28 ലക്ഷം രൂപയുടെ നിക്ഷപം ഉള്‍പ്പെടെ അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിക്കുകയും ചെയ്തിരുന്നു.