കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എ. കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഇന്ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും മറ്റൊരു ദിവസം ഹാജരാകാമെന്നാണ് എ.സി മൊയ്തീന്‍ ഇ.ഡിയെ അറിയിച്ചിട്ടുള്ളത്. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ കാരണം പത്ത് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ രേഖകള്‍ എടുക്കാനായിട്ടില്ലെന്ന് അസൗകര്യം ചൂണ്ടിക്കാട്ടി ഇ.ഡിക്ക് അയച്ച ഇ മെയിലില്‍ അദ്ദേഹം പറഞ്ഞു. അതേസമയം ബാങ്കിന്റെ മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, കമ്മീഷന്‍ ഏജന്റെന്ന് ഇഡി സംശയിക്കുന്ന പി.പി കിരണ്‍, എ.സി മൊയ്തീന്റെ ബിനാമിയെന്ന് ഇ.ഡി ആരോപിക്കുന്ന അനില്‍ സേഠ് എന്നിവരെ ഇന്നലെ ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയായിരുന്നു നടപടി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 22ന് ഇഡി എ.സി മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡ് നടത്തിയിരുന്നു. ബാങ്കിലെ കോടികള്‍ വരുന്ന നിക്ഷേപങ്ങള്‍ 2016-18 കാലത്ത് അനധികൃത വായ്പ നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്നാണ് കണക്കുകള്‍. അന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി മൊയ്തീന്‍ ഇതിനു കൂട്ടുനിന്നെന്നും ആരോപണമുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് പിന്നില്‍ എ.സി മൊയ്തീനാണെന്ന നിലപാടിലാണ് ഇഡി. ഇദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയിട്ടുള്ളത്. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ഇത്തരത്തില്‍ വായ്പ അനുവദിച്ചതെന്നും പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ ബാങ്കില്‍ പണയപ്പെടുത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.