തിരുവനന്തപുരം: കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവരെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിയമസഭയില്‍ എ.കെ.എം അഷ്‌റഫിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എല്‍.) കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ ‘ലാഭ രഹിത കൗണ്ടറുകള്‍’ ആരംഭിക്കും. 800 ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്ക് തന്നെ ഇതിലൂടെ ലഭ്യമാകും. വളരെ വിലപിടിപ്പുള്ള മരുന്നുകള്‍ തുച്ഛമായ വിലയില്‍ ലഭ്യമാക്കും. അടുത്ത മാസം പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.