X
    Categories: MoreViews

കരുണാനിധിയുടെ വീട് ഇനി ആസ്പത്രിയാവും

ചെന്നൈ: ചെന്നൈ ഗോപാലപുരത്തില്‍ കരുണാനിധി 1955ല്‍ വിലക്കുവാങ്ങിയ വീടും സ്ഥലവും ഇനി പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ചികിത്സാലയമായി മാറും.

1968ല്‍ 30 സെന്റോളം വരുന്ന വീടും സ്ഥലവും മക്കളായ എം.കെ അഴഗിരി, എം.കെ സ്റ്റാലിന്‍, എം.കെ തമിഴരശി എന്നിവരുടെ പേരുകളിലേക്ക് മാറ്റിയെങ്കിലും 2010ല്‍ തന്റെ 86- ാം ജന്മദിനാഘോഷ പരിപാടിയിലാണ് കരുണാനിധി വീടും സ്ഥലവും പാവങ്ങള്‍ക്ക് വേണ്ടിയുള്ള ആസ്പത്രി പണിയാന്‍ നല്‍കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

കരുണാനിധിയുടെ ഈ ആഗ്രഹം കേള്‍ക്കേണ്ട താമസം സ്റ്റാലിനും അഴഗിരിയും തമിഴരശിയും സമ്മതം നല്‍കുകയും ചെയ്തു. കരുണാനിധിയുടെ മാതാവിന്റെ പേരിലായി ‘അണ്ണൈ അന്‍ജുഗം ട്രസ്റ്റ്’ എന്ന ട്രസ്റ്റ് രൂപീകരിക്കുകയും ഇതിലേക്ക് വീടും സ്ഥലവും മാറ്റുകയും ചെയ്തു. ഇതിന്റെ ട്രസ്റ്റികളായി കരുണാനിധിയുടെ മക്കള്‍ക്ക് പുറമെ മുന്‍ കേന്ദ്രമന്ത്രി എ. രാജ, പ്രശസ്ത സാഹിത്യകാരന്‍ വൈരമുത്തു എന്നിവരെയും നിയമിച്ചിട്ടുണ്ട്.

തന്റെ മരണ ശേഷം വീടും സ്ഥലവും പാവപ്പെട്ടവര്‍ക്ക് മാത്രം ചികിത്സ ലഭ്യമാക്കുന്ന ആസ്പത്രിയാക്കി മാറ്റണമെന്നാണ് കരുണാനിധി ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്.

chandrika: