ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയാഗാന്ധി. കരുണാനിധി തനിക്ക് അച്ഛനെപ്പോലെയാണെന്ന് മകന്‍ സ്റ്റാലിന് അയച്ച കത്തില്‍ സോണിയാഗാന്ധി പറഞ്ഞു.
കരുണാനിധി തന്നോട് ദയയും കരുണയും കാണിച്ചയാളായിരുന്നുവെന്ന് സോണിയ പറഞ്ഞു. സോണിയാ-കരുണാനിധി കൂട്ടുകെട്ടിന് നിര്‍ണ്ണായകമായ നീക്കങ്ങള്‍ വരുത്താന്‍ ഇന്ത്യന്‍രാഷ്ട്രീയത്തില്‍ കഴിഞ്ഞിട്ടുണ്ട്. 2004-ല്‍ ഡി.എം.കെയുടെ പിന്തുണയാണ് ഒന്നാം യു.പി.എ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസിന് നിര്‍ണ്ണായകമായത്.
അതേസമയം, കരുണാനിധിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ അണികളുടെ തിരക്ക് നിയന്ത്രണാതീതമായി. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. 30ലധികം പേര്‍ക്ക് പരിക്കേറ്റു. സംസ്‌കാരച്ചടങ്ങുകള്‍ നടക്കാനിരിക്കെ രാജാജി ഹാളില്‍ നിന്ന് പൊലീസുകാര്‍ മറീന ബീച്ചില്‍ സുരക്ഷാ ചുമതലയിലേക്ക് മാറിയതോടെ ജനക്കൂട്ടം ബാരിക്കേഡുകള്‍ മറികടന്ന് രാജാജി ഹാളിലേക്ക് തള്ളിക്കയറുകയായിരുന്നു. പൊലീസ് ലാത്തി വീശിയതോടെ ആളുകള്‍ ചിതറിയോടി. സ്റ്റാലിന്‍ ആളുകളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു.