ചെന്നൈ: കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളിലേക്ക് ജനങ്ങള്‍ തള്ളിക്കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. 30ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പൊലീസ് സുരക്ഷ കുറച്ചതോടെയാണ് ജനങ്ങള്‍ രാജാജി ഹാളിലേക്ക് തള്ളിക്കയറിയത്. പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തിവീശി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമോപചാരം അര്‍പിച്ച് മടങ്ങിയതിന് ശേഷമാണ് പൊലീസ് സുരക്ഷ കുറച്ചത്. പൊലീസുകാര്‍ രാജാജി ഹാളില്‍ നിന്ന് സാവധാനം പിന്‍മാറുകയായിരുന്നു. കരുണാനിധിയുടെ മൃതദേഹം മറീനാബീച്ചില്‍ സംസ്‌കരിക്കാന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് സുരക്ഷ കുറച്ചത്.
ജനങ്ങള്‍ തള്ളിക്കയറിയതോടെ സ്ഥലത്തുണ്ടായിരുന്ന നാമമാത്രമായ പൊലീസുകാര്‍ വെറും കാഴ്ചക്കാരായി. സ്ഥലത്തുണ്ടായിരുന്ന ഡി.എം.കെ നേതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം. ജനങ്ങളോട് ശാന്തരാവാന്‍ എം.കെ സ്റ്റാലിന്‍ നിരന്തരം അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല.