X

കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമം: ആറ് എതിര്‍ഹര്‍ജികള്‍ പിന്‍വലിച്ചു

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ അന്ത്യവിശ്രമം സംബന്ധിച്ച അനശ്ചിതത്വം നീങ്ങുന്നു. മറീന ബീച്ചിലെ സംസ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ നല്‍കിയവര്‍ തന്നെ പിന്‍വലിച്ചു.

ട്രാഫിക് രാമസ്വാമിയുടേതടക്കം ആറ് ഹര്‍ജികളാണ് പിന്‍വലിച്ചത്. മദ്രാസ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ഹര്‍ജികള്‍ പിന്‍വലിച്ചത്. എതിര്‍പ്പില്ലെന്ന് എഴുതി നല്‍കാന്‍ ട്രാഫിക് രാമസ്വാമിയോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജികള്‍ പിന്‍വലിച്ചതോടെ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി രമേഷ് പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്കു മാത്രമാണ് മറീനാ ബീച്ചില്‍ സംസ്‌കാരത്തിനായി സ്ഥലം അനുവദിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഹര്‍ജികള്‍ പിന്‍വലിച്ചതിനാല്‍ വിധി ഡി.എം.കെക്കു അനുകൂലമാകുമെന്നാണ് കരുതുന്നത്.

അതിനിടെ, സംസ്‌കാരത്തിന് മറീന ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി രാവിലെ വാദം ആരംഭിച്ചു. വിഷയത്തില്‍ വിശദമായ വാദം നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വാദം രാവിലെ എട്ടുമണിയിലേക്ക് മാറ്റിവെച്ചത്. കേസില്‍ അല്‍പസമയത്തിനകം കോടതി വിധി പറയും.

അതേസമയം, കരുണാനിധിയുടെ ഭൗതിക ശരീരം വൈകിട്ട് നാലിന് സംസ്‌കരിക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍. കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കള്‍ ചെന്നൈയിലെത്തും.

chandrika: