പോത്തന്‍കോട്: നവജ്യോതി ശ്രീകരുണാകരഗുരു സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും നന്‍മയുടെയും ആള്‍ രൂപമായിരുന്നു എന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ശാന്തിഗിരി ആശ്രമത്തിന്റെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനം ആഘോഷപരിപാടികളില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പരസ്പരം അറിയുക എന്നതാണ് സമാധാനത്തിന്റെ മാര്‍ഗരേഖ എന്നാല്‍ ഇന്ന് ഇല്ലാത്തത് അതാണ് .മനുഷ്യനും മതങ്ങളും ഇന്ന് പരസ്പരം അറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. മനുഷ്യന്‍ മനുഷ്യനെ അറിയാന്‍ ശ്രമിച്ചാല്‍ സമൂഹത്തെ അറിയാന്‍ കഴിയും. സമൂഹത്തെ അറിഞ്ഞാല്‍ ലോകത്തെയും ലോകത്തെ അറിഞ്ഞാല്‍ അതിലൂടെ ദൈവത്തേയും അറിയാന്‍ കഴിയും. ദൈവത്തെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചാല്‍ ഇന്ന് കാണുന്ന അനിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ധേഹം പറഞ്ഞു. കരുണാകരഗുരുവിന്റെ ദര്‍ശനങ്ങള്‍ പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ ശാന്തിഗിരി ആശ്രമത്തിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആധുനിക സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ എങ്ങനെ മനുഷ്യര്‍ക്ക് ഉപയോഗപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്വാമിയുടെ സന്ദേശങ്ങള്‍ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിചേര്‍ത്തു. ശാന്തിഗിരി വിശ്വസംസ്‌കൃതി കലാരംഗത്തിന്റെ കലാഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും അദ്ധേഹം നിര്‍വഹിച്ചു.