കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടി കൂടാന്‍ കഴിയാതെ പൊലീസ്. സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം കൊല്ലപ്പെട്ട സന്തോഷിന്റെ സംസ്‌കാരം ഇന്ന് നടന്നേക്കും. ഇതേ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീറിന്റെ വിശദമൊഴിയും ഇന്ന് പ്രത്യേക സംഘം രേഖപ്പെടുത്തും.
വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും അതിന് ശേഷം ഉണ്ടായ അക്രമത്തിനും പിന്നിലെന്ന് ഇന്നലെ പോലീസ് പറഞ്ഞിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഗുണ്ടാ നേതാവായ സന്തോഷിനെ കാറിലെത്തിയ 4 അംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം വവ്വാക്കാവില്‍ എത്തിയ കൊലയാളി സംഘം അനീറെന്ന യുവാവിനെയും വെട്ടിപരുക്കേല്‍പ്പിച്ചു. ഇതിന് പിന്നാലെ ഒളിവില്‍ പോയ സംഘം വയനകത്ത് കാര്‍ ഉപേക്ഷിച്ച് പൊലീസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞു.