X

കരുണ്‍ നായര്‍ക്ക് ട്രിപ്പ്ള്‍ സെഞ്ച്വറി: ഇന്ത്യക്ക് മികച്ച ലീഡ്

ചെന്നൈ: കരിയറിലെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പ്ള്‍ സെഞ്ച്വറി കുറിച്ച് മലയാളി താരം കരുണ്‍ നായര്‍. 381 പന്തില്‍ നിന്നാണ് കരുണിന്റെ ട്രിപ്പ്ള്‍ സെഞ്ച്വറി. 32 ബൗണ്ടറിയും നാല് സിക്‌സറുകളും അടക്കം പുറത്താകാതെ 303 റണ്‍സാണ് കരുണ്‍ സ്വന്തമാക്കിയത്. കരുണിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 282 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. കരുണിന്റെ ട്രിപ്പ്ള്‍ സെഞ്ച്വറിക്ക് പിന്നാലെ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 759/7 ഡിക്ലയര്‍ ചെയ്തു.

ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ ത്രിബ്ള്‍ സെഞ്ച്വറി നേടാനും ട്രിപ്പ്ള്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കാനും കരുണിനായി. വീരേന്ദര്‍ സെവാഗിന് പിന്നാലെ ട്രിപ്പ്ള്‍ സെഞ്ച്വറി നേടുന്ന രണ്ടാം ഇന്ത്യന്‍ താരമാണ് കരുണ്‍ നായര്‍.

ഇംഗ്ലണ്ട് പരമ്പരയിലാണ് കരുണ്‍ നായര്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍
ആദ്യ രണ്ട് ടെസ്റ്റുകളിലും കരുണിന് ശോഭിക്കാനായിരുന്നില്ല. ചെന്നൈ ടെസ്റ്റില്‍ തഴയപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരിക്കെയാണ് കോഹ്ലി ഒരിക്കല്‍ കൂടി കരുണില്‍ വിശ്വാസമര്‍പ്പിച്ചത്. രോഹിത് ശര്‍മ്മയുടെ പകരക്കാരനായാണ് കരുണ്‍ ടീമില്‍ ഇടം പിടിക്കുന്നത്.

ഇന്നലെ ഇരട്ട സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വെച്ച് ലോകേഷ് രാഹുല്‍ പുറത്തായുരുന്നു. എന്നാല്‍ പിഴവുകള്‍ വരുത്താന്‍ കരുണ്‍ ഒരുക്കമല്ലായിരുന്നു. ടെസ്റ്റിന് ഒരു ദിവസം ഇനിയും ശേഷിക്കെ ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ട്.  ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 477 റണ്‍സിന് അവസാനിച്ചിരുന്നു. പാര്‍ത്ഥിവ് പട്ടേല്‍ 71 റണ്‍സ് നേടിയിരുന്നു. രവിചന്ദ്ര അശ്വിന്‍(67) ജദേജ(51) എന്നിവരും തിളങ്ങി. മുഈന്‍ അലിയുടെയും(146) ജോ റൂട്ട്(88) ലിയാം ദാവ്‌സണ്‍(66*) ആദില്‍ റാഷിദ്(60) എന്നിവരുടെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ടിന്റെ 477. ഇന്ത്യക്ക് വേണ്ടി ജദേജ മൂന്നു വിക്കറ്റ് വീഴ്ത്തി.

chandrika: