മലപ്പുറം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രയാസങ്ങള്‍ പരിഹരിക്കാനുദ്ദേശിച്ച് സര്‍ക്കാര്‍ നിയമിച്ച കാര്‍ത്തികേയന്‍ കമ്മീഷന്‍ കണ്ടെത്തിയ പോരായ്മകള്‍ ഉടന്‍ പരിഹരിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നവിധം പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ആള്‍ കേരള ടീച്ചര്‍ ട്രൈനിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും എം.എസ്.എഫ്. പ്രവര്‍ത്തകനുമായ എം.ടി. മുര്‍ഷിദ് കോഡൂര്‍ പരാതി നല്‍കി.
ഗവര്‍ണര്‍, മുഖ്യമന്ത്രി, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കളക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.ഏറ്റവും കുടുതല്‍ പ്രശ്നം നേരിടുന്ന മലപ്പുറത്ത് മറ്റെല്ലാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാലും മുപ്പത്തി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ പുറത്ത് നില്‍ക്കേണ്ടിവരും. നിലവില്‍ തന്നെ അറുപതിലധികം കുട്ടികളുള്ള ക്ലാസുകളിലേക്ക് 30 ശതമാനം സീറ്റ് വര്‍ധിപ്പിച്ച നടപടി നീതികരിക്കാവുന്നതല്ല. വിവിധ സിലബസുകളിലായി പത്താം തരം യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പഠന സൗകര്യമൊരുക്കുന്നതിന് പുതിയ സ്ഥിരം ബാച്ചുകള്‍ അനുവദിക്കണമെന്ന് പരാതിക്കാരന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.