X

കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭയെന്ന് എക്‌സിറ്റ്‌പോള്‍; പ്രമുഖ സര്‍വേകളെല്ലാം കോണ്‍ഗ്രസിനൊപ്പം

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണുവില്‍ മകന്‍ ഡോ. യോഗേന്ദ്ര സിദ്ധരാമയ്യക്കൊപ്പം വോട്ട് രേഖപ്പെടുത്തി പുറത്തുവരുന്നു

ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതോടെ വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് . പ്രമുഖ എക്‌സിറ്റ് സര്‍വ്വേകള്‍ എല്ലാം കോണ്‍ഗ്രസിന് അനുകൂലമായി പ്രവചനം നടത്തിയപ്പോള്‍ ബി.ജെ.പി അനൂകുല നിലപാട് സ്വീകരിക്കുന്ന റിപബ്ലിക് ടി.വി പോലുള്ളവരുടെ സര്‍വേകളാണ് ബി.ജെ.പി ജയം നേടുമെന്ന് പ്രവച്ചിച്ചത്.

106 മുതല്‍ 118 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകളുടെ പ്രവചനം.ബി.ജെ.പിക്ക് 79 മുതല്‍ 92 വരെയും ജെ.ഡി.എസ് 22 മുതല്‍ 30 വരെ സീറ്റുകള്‍ നേടുമെന്നുമാണ് ഫലങ്ങള്‍. അതേ സമയം റിപ്പബ്ലിക്ക്, ന്യൂസ് എകസ് ചാനലുകള്‍ ബി.ജെ.പിക്ക് മുന്‍ഗണന നല്‍കുന്നുണ്ട്.


കോണ്‍ഗ്രസ് സംസ്ഥാത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും ഒറ്റ ഭരിക്കാനുള്ള ഭൂരിപക്ഷം നേടില്ലെന്നും എക്‌സിറ്റ്‌പോള്‍ പറയുന്നു. എക്‌സിറ്റ്‌പോള്‍ പ്രവചനം പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ എച്ച്.ഡി കുമാരസ്വാമി നേതൃത്വം നല്‍കുന്ന ജെ.ഡി.എസിന്റെ തീരുമാനം പുതിയ മന്ത്രിസഭ രൂപികരണത്തിന് നിര്‍ണായകമാവും. മെയ് 15നാണ് വോട്ടെണ്ണല്‍

രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിങ് വൈകിട്ട് ആറിന് അവസാനിക്കുകയായിരുന്നു.70 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 71.45 ശതമാനമായിരുന്നു 2013 പോളിങ്. അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരുന്നതിനു മുമ്പ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കോണ്‍ഗ്രസിന് 120നു മുകളില്‍ സീറ്റ് ലഭിച്ച് അധികാരം നിലനിര്‍ത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അതേസമയം ബിജെപി 150നു മുകളില്‍ സീറ്റു നേടി അധികാരം പിടിക്കുമെന്ന അവകാശവാദവുമായാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെഡിയൂരപ്പ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിനിടെ ബി.ശ്രീരാമുലുവിനെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിഡിയോ സഹിതം വാര്‍ത്ത നല്‍കിയതിന് പത്ര, ദൃശ്യ മാധ്യമങ്ങള്‍ക്കെതിരെ റിട്ടുമായി ബിജെപി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.

രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ ചിലയിടങ്ങളില്‍ ചെറിയ സംഘര്‍ഷങ്ങള്‍ നടന്നായി റിപ്പോര്‍ട്ട് ചെയ്തു. പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയത് പോളിങിനെ സാരമായി ബാധിച്ചു. ചിലയിടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ നിന്നും പേര് അപ്രത്യക്ഷമായതും സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ബംഗളൂരുവിലെ ചില ഇടങ്ങളില്‍ വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരക്കു പോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പയാണ് ഇതുസംബന്ധിച്ച പരാതിയുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചത്.

കര്‍ണാടകയില്‍ 4.9 കോടി ജനങ്ങളാണ് ഇന്ന് സമ്മതിദാനാവകാശം നിര്‍വഹിക്കുക. 2013നേക്കാള്‍ 12 ശതമാനം വോട്ടര്‍മാരാണ് വര്‍ധിച്ചത്. ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വെച്ചതിനാല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്.

chandrika: