X
    Categories: indiaNews

കർണാടകയിൽ കോൺഗ്രസ് വിജയിക്കും; ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം അടയുമെന്നും വീരപ്പ മൊയ്‌ലി

കർണാടകയിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എം വീരപ്പ മൊയ്‌ലി പറഞ്ഞു.ഇതോടുകൂടി ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം പൂർണമായും അടയുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിൽ കർണാടക എല്ലായ്‌പ്പോഴും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം 2024 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നതിന് വഴിയൊരുക്കുമെന്നും വീരപ്പ മൊയ്‌ലി വ്യക്തമാക്കി.

224 അംഗ നിയമസഭയിൽ കോൺഗ്രസിന് 130 സീറ്റിൽ കുറയില്ലെന്നും മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 60 കടക്കില്ലെന്നും മുൻ കർണാടക മുഖ്യമന്ത്രി മൊയ്‌ലി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാറ്റത്തിന്റെ കാറ്റ് കോൺഗ്രസിന് അനുകൂലമായി വീശുന്നു. ബിജെപി ആകെ തകർന്ന നിലയിലാണ്. ബിജെപിയിലെ അണികളിലും ഐക്യദാർഢ്യവും ഇല്ല, ടിക്കറ്റ് നിഷേധിക്കപ്പെട്ട് പലരും രാജിവെച്ച് കോൺഗ്രസിന് കീഴിൽ അഭയം തേടുകയാണ്.മൊയ്‌ലി പറഞ്ഞു.

കർണാടകയിലെ ബസവരാജ് ബൊമ്മൈ സർക്കാരിന് കീഴിൽ ഭരണം സമ്പൂർണ പരാജയമാണെന്ന് ആരോപിച്ച മുൻ കേന്ദ്രമന്ത്രി, സംസ്ഥാനത്ത് അഴിമതി വ്യാപകമാണെന്ന് കുറ്റപ്പെടുത്തി.ഒരു വലിയ വ്യവസായം പോലും ഉയർന്നുവന്നിട്ടില്ല ,തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടില്ല, അധ്യാപകർ ഉൾപ്പെടെ നിരവധി ഒഴിവുകൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. കർണാടകയിലെ എല്ലാ തെരുവുകളിലും അഴിമതിയാണ് ചർച്ച, മൊയ്‌ലി ആരോപിച്ചു.കൃഷ്ണ നദിയിൽ നിന്ന് കർണാടകയ്ക്ക് കൂടുതൽ ജലം അനുവദിച്ചുകൊണ്ടുള്ള ട്രൈബ്യൂണൽ വിധി വന്നതിന് ശേഷവും ബിജെപി സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിന്റെ ഫലമായി സംസ്ഥാനത്തിന് ന്യായമായ ജലവിഹിതം നിഷേധിക്കപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ മൊയ്‌ലി സീറ്റ് നിർണ്ണയത്തിൽ വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന ആരോപണം നിഷേധിച്ചു.പ്രാദേശിക പ്രശ്‌നങ്ങൾ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മൊയ്‌ലി പറഞ്ഞു.

webdesk15: