ന്യൂഡല്‍ഹി: വോട്ട് പെട്ടിയിലായതോടെ കര്‍ണാടകയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നെഞ്ചിടിപ്പിന് വേഗം കൂടുന്നു. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായമായ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്നറിയാന്‍ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം മതി. അഭിപ്രായ സര്‍വേകള്‍ക്കൊപ്പം ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും കര്‍ണാടകയില്‍ തൂക്കുസഭ നിലവില്‍ വരുമെന്ന് പ്രവചിച്ചതോടെ സഖ്യ സാധ്യതകള്‍ തേടിയുള്ള അണിയറ നീക്കങ്ങളും സജീവമാണ്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയും നേതൃത്വം നല്‍കുന്ന ജനതാദള്‍ എസിന്റെ നിലപാട് ആണ് എല്ലാവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം മാത്രമേ ജെ.ഡി.എസ് പരസ്യ നിലപാട് സ്വീകരിക്കൂവെങ്കിലും ഇപ്പോള്‍ തന്നെ അണിയറയില്‍ ചര്‍ച്ചകള്‍ സജീവമാണ്.
ഇതിനിടെ കുമാരസ്വാമി ഇന്നലെ സിംഗപ്പൂരിലേക്ക് പറന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. വോട്ടെണ്ണലിന്റെ അന്ന് വൈകീട്ടു മാത്രമേ ഇനി അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തൂവെന്നാണ് വിവരം. തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പുതിയ സഖ്യ ചര്‍ച്ചകള്‍ക്കും വേണ്ടിയാണ് സിംഗപ്പൂര്‍ യാത്രയെന്നാണ് വിവരം. സംസ്ഥാനത്ത് തൂക്കുസഭ നിലവില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ, ബി.ജെ.പിയും കോണ്‍ഗ്രസും ചര്‍ച്ചകള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നിട്ടുണ്ടെന്ന് കുമാരസ്വാമിയുമായി അടുപ്പമുള്ള ഒരു നേതാവ് പറഞ്ഞു. ദേവഗൗഡയുമായും ഇരു പാര്‍ട്ടികളും ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വെച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയാല്‍ മാധ്യമങ്ങള്‍ വഴി വാര്‍ത്ത ചോരും. ഇത് രാഷ്ട്രീയ നീക്കങ്ങളെ ബാധിക്കും എന്നതിനാലാണ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍നിന്ന് മാറിനിന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിനായി സിംഗപ്പൂര്‍ തെരഞ്ഞെടുത്തതെന്നും ഈ ജെ.ഡി.എസ് നേതാവ് പറഞ്ഞു.
നാളെ കര്‍ണാടകയില്‍ വോട്ടെണ്ണല്‍. ശനിയാഴ്ച നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായതിനു തൊട്ടു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിലവിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമുള്ളത്. 90 മുതല്‍ 118 സീറ്റ് വരെയാണ് പല എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ചില എക്‌സിറ്റ് പോളുകള്‍ ബി.ജെ.പിക്കും സാധ്യത പറയുന്നുണ്ട്. റിപ്പബ്ലിക് ടി.വി പോലുള്ള പ്രത്യക്ഷത്തില്‍ തന്നെ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളാണ് ഇത്തരം പ്രചവനങ്ങള്‍ക്ക് പിന്നില്‍ എന്നത് വിശ്വാസ്യത ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു കക്ഷിക്കും തനിച്ചു ഭൂരിപക്ഷം ലഭിക്കുമെന്ന് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നില്ല. തൂക്കു സഭക്കുള്ള സാധ്യതയാണ് കല്‍പ്പിക്കുന്നത്. ഇങ്ങനെ വന്നാല്‍ ജെ.ഡി.എസ് നിര്‍ണായക ഘടമായി മാറിയേക്കും. ആര് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ജെ.ഡി.എസ് തീരുമാനിക്കുന്ന സാഹചര്യമുണ്ടാകും. എന്നാല്‍ കിങ് മേക്കറല്ല, താന്‍ കിങ് തന്നെ (സ്വന്തം നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കും) ആവും എന്ന നിലപാടിലാണ് കുമാരസ്വാമിയെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.