ബെംഗളുരു: കര്‍ണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം. 102 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 86 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡു ചെയ്യുകയാണ്. കോണ്‍ഗ്രസും ജെഡിഎസും ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ആദ്യ ഫലങ്ങളിലെ ലീഡു നിലനിര്‍ത്താനായാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള ശക്തി പ്രകടനം കൂടിയാവും കര്‍ണാടകയില്‍ കോണ്‍ഗ്രസിനിത്. ഇന്നു രാത്രിയോടെ ഫലങ്ങള്‍ പൂര്‍ണമായും അറിയാവനാവും. അതേസമയം ഫലം പൂര്‍ണമായും പുറത്തുവന്നതിനു ശേഷം സഖ്യം വേണ്ട വാര്‍ഡുകളില്‍ ജെ.ഡി.എസ്സുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
Read more: ദുരിതാശ്വാസ നിധിയിലേക്കായി പതിനായിരത്തിലധികം ബസുകള്‍ ഓടി തുടങ്ങി
വെള്ളിയാഴ്ചയാണു കനത്ത സുരക്ഷയില്‍ 21 ജില്ലകളില്‍ തദ്ദേശതിരഞ്ഞെടുപ്പ് നടന്നത്. സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണു തിരഞ്ഞെടുപ്പ് നടന്നത്. പ്രളയക്കെടുതി ബാധിച്ച കുടകിലെ കുശാല്‍ നഗര്‍, വിരാജ്‌പേട്ട്, സോമവാര്‍പേട്ട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. മൈസുരു, തുമക്കുരു, ശിവമൊഗ്ഗ കോര്‍പറേഷനുകളിലേക്കു വാശിയേറിയ പോരാട്ടമാണ് നടന്നത്. ആകെ 8340 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്.