കര്‍ണാടക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവുമായി ബിജെപിയെ അപ്രസക്തമാക്കി കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം. ഇതുവരെ പുറത്തുവന്ന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് ആധികാരിക മുന്നേറ്റമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം പുറത്തുവിട്ട 1221 സീറ്റില്‍ 509 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് 366 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 174 സീറ്റുമായി ജനതാദളും മികച്ച പ്രകടനമാണ് നടത്തിയത്. 172 സീറ്റുകള്‍ മറ്റുള്ളവരും നേടി.
63 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എട്ട് സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍, 33 ടൗണ്‍ മുനിസിപ്പില്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് മെയ് 29നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹംനാബാദ് ടൗണ്‍ മുനിസിപ്പാലിറ്റി കൗണ്‍സിലിലെ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്റര്‍ സന്ദേശം പങ്കുവെച്ചു. കൂടുതല്‍ സീറ്റുകള്‍ നേടി ആധികാരിക വിജയത്തിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നതെന്നും അന്തിമ ഫലത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ അറിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിജയികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.