കർണാടകയിൽ ഹൈന്ദവ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ നടക്കുന്ന സ്ഥലങ്ങൾക്കടുത്ത് അഹിന്ദുക്കൾ വ്യാപാരം നടത്തുന്നത് തടയുമെന്ന ഭീഷണിയുമായി ബിജെപി അനുകൂല വ്യാപാര സംഘടന.ഹിന്ദുക്കൾ അല്ലാത്തവർക്ക് കച്ചവട അനുമതി നൽകുന്നത് നിയമത്തിനും ചാട്ടത്തിനും എതിരാണെന്നും അത് തടയുമെന്നുമാണ് കർണാടക രാജ്യ ഹിന്ദു ജാത്ര വ്യാപാരസ്ഥര സംഘ പ്രസിഡന്റ് മഹേഷ് ശേഖർ ദാസ് പറഞ്ഞത്.ഹിന്ദു മത-ചാരിറ്റബ്ൾ എൻഡോവ്മെന്റ് ആക്ടിൽ ഇക്കാര്യം പറയുന്നുണ്ടെന്നും ഈ മേഖല തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ഇത് ലംഘിച്ച് വ്യാപാരം നടത്തിയാൽ തടയുമെന്നുമാണ് ഭീഷണി.
അതേസമയം വ്യാപാര മേഖലയിൽ മത വിഭാഗീയത സൃഷ്ടിക്കാൻ ഒരു വിഭാഗം നടത്തുന്ന കുത്സിത നീക്കങ്ങളുടെ അപകടം മുന്നിൽ കണ്ട് നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കന്നട-ഉടുപ്പി ജില്ല ഉത്സവകാല കച്ചവടക്കാരുടെ കോ ഓർഡിനേഷൻ കമ്മിറ്റിയും തെരുവ് കച്ചവട വെൽഫെയർ അസോസിയേഷനും ആവശ്യപ്പെട്ടു.