രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം. 40 ദിവസം നീണ്ടും നിന്ന പ്രചാരണ മാമാങ്കത്തിന് വിരാമമിട്ട് നാളെയാണ് വോട്ടെടുപ്പ്. ബി.ജെ.പിയുടെ അഴിമതി ഭരണത്തിനെതിരെ ജനം വിധിയെഴുതുമെന്നാണ് പുറത്തുവന്ന എല്ലാ അഭിപ്രായ സര്‍വേകളും വ്യക്തമാക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ചില അപ്രതീക്ഷിത രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് ഇത്തവണ കന്നഡ മണ്ണ് സാക്ഷ്യം വഹിച്ചത്.
ബി.ജെ.പിയെ അടിമുടി വിറപ്പിച്ചു കൊണ്ട് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെയും ഉപമുഖ്യ മന്ത്രി ലക്ഷ്മണ്‍ സാവദിയുടെയും ബിജെപിയില്‍ നിന്നുള്ള പടിയിറക്കവും കോണ്‍ഗ്രസ് പ്രവേശവുമായിരുന്നു ഇതില്‍ പ്രധാനം. ഇവരുടെ കൂടുമാറ്റത്തോടെ കര്‍ണാടകയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞു. തീവ്ര ഹിന്ദുത്വ അജണ്ടകളില്‍ നിന്ന് മാറി വികസനം പറഞ്ഞായിരുന്നു തുടക്കത്തില്‍ ബി.ജെ.പിയുടെ വോട്ടു പിടുത്തം. എന്നാല്‍ കോണ്‍ഗ്രസിന്റെ ബജ്‌റംഗ്ദള്‍ നിരോധന പ്രഖ്യാപനത്തോടെ പ്രധാന മന്ത്രി മോദിയടക്കം തീവ്ര ഹിന്ദുത്വ പ്രചാരണവുമായി കളം നിറഞ്ഞു. മുസ്‌ലിം, എസ്.സി, എസ്.ടി സംവരണ വിഷയത്തില്‍ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ കാണിച്ച എടുത്തുചാട്ടം തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഭരണവിരുദ്ധ വികാരത്തിനു പുറമെ 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരെന്ന ചീത്തപ്പേരും പേറിയായിരുന്നു ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കേണ്ടി വന്നത്. ചീത്തപ്പേരുകളെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ മാഹാത്മ്യം പറഞ്ഞു പ്രതിരോധിക്കാന്‍ കേന്ദ്ര നേതാക്കളുടെ പടയെ തന്നെ ബി.ജെ.പി ഇറക്കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ ‘ട്രബിള്‍ എന്‍ജിന്‍’ സര്‍ക്കാര്‍ എന്ന് ആക്ഷേപിച്ചായിരുന്നു കോണ്‍ഗ്രസ് ബിജെപിയെ നേരിട്ടത്. കൂട്ടുകക്ഷി സര്‍ക്കാരുകള്‍ കര്‍ണാടകയെ അനിശ്ചിതാവസ്ഥയിലാക്കുന്ന സാഹചര്യം മാറാന്‍ ഭൂരിപക്ഷ സര്‍ക്കാരിന് വോട്ടു ചെയ്യണമെന്ന അഭ്യര്‍ത്ഥനയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്ത് ഭൂരിപക്ഷം മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. മൈസൂരു മേഖലയില്‍ മാത്രമാണ് ത്രികോണ മത്സര അന്തരീക്ഷം. മേഖലയില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടി വീണ്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ കിങ്‌മേക്കറാവാനാണ് ജെ.ഡി.എസ് ശ്രമം.
കഴിഞ്ഞ 38 വര്‍ഷമായി കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം കിട്ടിയ ചരിത്രമില്ല. ചരിത്രം തിരുത്തി കുറിക്കുമോ? അതോ പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നത് പോലെ കോണ്‍ഗ്രസ് തനിച്ച് ഭൂരിപക്ഷത്തിലെത്തുമോ എന്നത് 13ന് അറിയാം. നിശബ്ദ പ്രചാരണമവസാനിച്ചതോടെ ബുധനാഴ്ച രാവിലെ കന്നഡിഗര്‍ പോളിംഗ് ബൂത്തില്‍ എത്തും. 5 കോടി 21 ലക്ഷം വോട്ടര്‍മാരാണ് നാളെ വിധിയെഴുതുക. 2613 സ്ഥാനാര്‍ഥികളാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അവസാന ദിവസങ്ങളില്‍ കോണ്‍ഗ്രസിനായി സോണിയ ഗാന്ധി ഹുബ്ബള്ളിയിലും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബെംഗളൂരു നഗര മണ്ഡലങ്ങളിലും റോഡ് ഷോ യും റാലികളുമായി നിറഞ്ഞുനിന്നു.
മോദി നടത്തിയ റോഡ് ഷോകള്‍ക്ക് മറുപടിയായി അവസാന രണ്ടുനാള്‍ രാഹുലും പ്രിയങ്കയും ബെംഗളൂരു നഗരത്തില്‍ വന്‍ജനപങ്കാളിത്തത്തോടെയുള്ള പ്രചാരണമാണ് നടത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ സ്വന്തം മണ്ഡലമായ കനകപുരയില്‍ സമാപന ദിവസം പരസ്യ പ്രചാരണത്തിനെത്തി. പത്രിക സമര്‍പ്പണം കഴിഞ്ഞു പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി സംസ്ഥാന പര്യടനം നടത്തിയ ഡി.കെ, പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം നടത്തിയ റാലി മണ്ഡലത്തെ ഇളക്കിമറിച്ചു. പതിനായിരങ്ങള്‍ പങ്കെടുത്ത റോഡ് ഷോയോട് കൂടിയായിരുന്നു കൊട്ടിക്കലാശം. പ്രതിപക്ഷ നേതാവ് സിദ്ധരാമായ ചാമരാജ് നഗര്‍ ജില്ലയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ സ്വന്തം ജില്ലയായ ഗുല്‍ബര്‍ഗയിലെ വിവിധ മണ്ഡലങ്ങളിലുമായിരുന്നു അവസാന ദിവസ പ്രചാരണം.