X

വയനാട് അതിര്‍ത്തികള്‍ തുറന്നു; കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് എല്ലാ റോഡുകളിലൂടെയും പ്രവേശിക്കാമെന്ന് കളക്ടര്‍

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍വന്ന തമിഴ്‌നാട്, കര്‍ണാടകം സംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന വയനാട് ജില്ലയിലെ പാതകളെല്ലാം ഗതാഗതത്തിനായി തുറന്നു. ഈ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് എല്ലാ റോഡുകളിലൂടെയും പ്രവേശിക്കാമെന്ന് കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. യാത്രക്കാര്‍ കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് മാത്രം പോലീസ് പരിശോധിക്കും. അന്തഃസംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ മുത്തങ്ങവഴി മാത്രമാണ് യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

അതേസമയം, കോവിഡ് സംബന്ധിച്ച ക്വാറന്റൈന്‍ അടക്കം എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസം കര്‍ണാടക വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കുമെന്ന സൂചനയുണ്ട്. അതിര്‍ത്തികടന്നെത്തുന്നവരില്‍ വയനാട്ടില്‍ യാത്ര അവസാനിപ്പിക്കുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആന്റിജന്‍ പരിശോധന നടത്തും. ഇതിനായി അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ സൗകര്യമൊരുക്കും.
മാനന്തവാടി താലൂക്കിലെ ബാവലി, കുട്ട എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങും. നീലഗിരിയില്‍നിന്ന് ജില്ലയിലേക്ക് വരുന്നവര്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ അവരെ മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് അയക്കും.

ജില്ലയിലേക്ക് വരുന്നവരില്‍ കോവിഡ് നിരീക്ഷണത്തില്‍ പോവേണ്ടതാണെങ്കില്‍ അതത് ഗ്രാമപ്പഞ്ചായത്ത്, മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി ബന്ധപ്പെട്ട് ക്വാറന്റീന്‍ ഉറപ്പാക്കണം.
അതേസമയം, മുത്തങ്ങയിലുള്ള ഫെസിലിറ്റേഷന്‍ സെന്ററില്‍ ചരക്കു വാഹനങ്ങളെ തടയാനോ പാസ് ആവശ്യപ്പെടാനോ പാടില്ലെന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്ററിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഒഴികെയുള്ളവരെ പിന്‍വലിച്ചു. ആവശ്യമെങ്കില്‍ ആംബുലന്‍സ് ഓണ്‍ കോളില്‍ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രയില്‍നിന്ന് അനുവദിക്കും.

 

chandrika: