X

ആര്‍.എസ്.എസ് സ്ഥാപകനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി കര്‍ണാടക

ബെംഗളൂരു: ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗെവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ മറ്റു പാഠഭാഗങ്ങളും പഠിപ്പിക്കേണ്ടെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. വലതുപക്ഷക്കാരനായ ചക്രവര്‍ത്തി സുലിബെലെ, ബന്നാഞ്ചെ ഗോവിന്ദാചാര്യ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കും.

2023-24 അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ പുനഃപ്രസിദ്ധികരിക്കില്ല, പക്ഷേ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കും. സ്‌കൂള്‍ സിലബസില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി സിദ്ധരാമയ്യ, വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. അധ്യാപനം, പരീക്ഷ, മൂല്യനിര്‍ണയം എന്നിവയില്‍നിന്ന് വിവാദപരവും ആക്ഷേപകരവുമായ പാഠങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ വിവാദ പാഠഭാഗങ്ങളെ കുറിച്ച് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിദ്ധരാമയ്യ നിര്‍ദേശിച്ചു. സര്‍ക്കുലര്‍ പുറത്തിറക്കുന്നതിന് മുമ്പ് മന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്യും.

webdesk11: