ബെംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ മണിക്കൂറിനോടടുക്കുമ്പോള്‍ സാധ്യത തൂക്കുസഭയ്ക്ക്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണുണ്ടാവുക എന്നു വ്യക്തമാക്കുന്നതാണ് കക്ഷിനില. അതേസമയം, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി ലീഡ് ചെയ്യുകയാണ്.
222 മണ്ഡലങ്ങളിലെയും ആദ്യ തരംഗങ്ങള്‍ പുറത്തുവന്നപ്പോള്‍ 102 സീറ്റുമായി കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. അതേസമയം, 92 സീറ്റുമായി ബി.ജെ.പിയും 28 സീറ്റോടെ ജെ.ഡി.എസ്സും പിന്നാലെയുണ്ട്. ഇതോടെ, രണ്ട് കക്ഷികള്‍ സഖ്യത്തിലായാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയൂ എന്ന സ്ഥിതി വന്നേക്കുമെന്നാണ് സൂചന. 2013-ല്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമുണ്ടായിരുന്നു.
സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്തിയാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. അതേസമയം തീരദേശ, മധ്യ, മുംബൈ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നിവിടങ്ങളില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. ദക്ഷിണ ജില്ലകളില്‍ ജെ.ഡി.എസ് ആധിപത്യം തുടരുന്നു.
അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച ചാമുണ്ഡേശ്വരിയില്‍ പിന്നിലാണ്. അദ്ദേഹം മത്സരിച്ച മറ്റൊരു സീറ്റായ ബദാമിയില്‍ ലീഡ് ചെയ്യുന്നു. ശിക്കാരിപുരയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ ലീഡ് ചെയ്യുന്നു.