X

കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന് മുന്‍തൂക്കമെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകള്‍

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന-കേന്ദ്ര ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകളിലാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ഇന്റലിജന്റ്‌സ് ഏജന്‍സികളുടെ വിലയിരുത്തല്‍. വോട്ടെടുപ്പ് കഴിഞ്ഞതോടെ കര്‍ണ്ണാടകയില്‍ തൂക്കുസഭയായിരിക്കുമെന്നാണ് സര്‍വ്വേഫലം.

കോണ്‍ഗ്രസിന് 95 മുതല്‍ 102 സീറ്റുകള്‍ വരെ ലഭിക്കാമെന്നാണ് കേന്ദ്ര ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. അതേസമയം ബി.ജെ.പിക്ക് 80 മുതല്‍ 85 സീറ്റുകള്‍ വരേയും ജെ.ഡി.എസിന് 35 മുതല്‍ 40 സീറ്റുകള്‍ വരേയും ലഭിക്കും. സംസ്ഥാന ഇന്റലിജന്റ്‌സിന്റെ കണക്ക് പ്രകാരം കോണ്‍ഗ്രസിന് 102 സീറ്റും ബി.ജെ.പിക്ക് 70 സീറ്റും ജെ.ഡി.എസിന് 28 സീറ്റും ലഭിക്കും. കോണ്‍ഗ്രസ്-ബി.ജെ.പി, കോണ്‍ഗ്രസ്-ജെ.ഡി.എസ് ഏറ്റുമുട്ടല്‍ നടക്കുന്ന 20 മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമോയെന്ന് നിര്‍ണയിക്കുകയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ 10 എണ്ണത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലും പത്തെണ്ണത്തില്‍ കോണ്‍ഗ്രസും ജെ.ഡി.എസും തമ്മിലാണ് ഏറ്റുമുട്ടല്‍.

30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചെറിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഐ.ബി പ്രവചിക്കുന്നു.

chandrika: