ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. അഞ്ചു സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച ലിസ്റ്റിലെ ആറു സ്ഥാനാര്‍ത്ഥികളെ മാറ്റുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമി മണ്ഡലത്തിലും മത്സരിക്കും. ഇവിടെ നേരത്തെ ഡോ. ദേവരാജ് പാട്ടീലിനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. ചാമുണ്ഡേശ്വരിയിലും സിദ്ധരാമയ്യ മത്സരിക്കുന്നുണ്ട്. ഇതിനു പുറമെ ജഗലൂര്‍, തിപ്തൂര്‍, മല്ലേശ്വരം, പത്മനാഭ നഗര്‍, മടിക്കേരി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസ് മാറ്റി. മടിക്കേരിയില്‍ വിവാദത്തിലുള്‍പ്പെട്ടെ എച്ച്.എസ് ചന്ദ്രമൗലിക്കു പകരം കെ.പി ചന്ദ്രകല സ്ഥാനാര്‍ത്ഥിയാവും. മെഹുല്‍ ചോക്‌സിയുടെ അഭിഭാഷകനെന്ന നിലയില്‍ ബി.ജെ.പി ചന്ദ്രമൗലിക്കെതിരെ രംഗത്തു വന്നിരുന്നു. പുതുതായി പ്രഖ്യാപിച്ച അഞ്ചു സീറ്റുകളില്‍ ഡോ. ബി ഇനാംദാര്‍, വിതല്‍ ദോണ്ഡിബ കതക്‌ബോണ്ട്, മല്ലണ്ണ നിഗണ്ണ സാലി, സയ്യിദ് യാസിന്‍, എന്‍.എ ഹാരിസ് എന്നിവര്‍ കിട്ടൂര്‍, നാഗത്താന്‍, സിന്ദ്ഗി, റായ്ച്ചൂര്‍, ശാന്തിനഗര്‍ മണ്ഡലങ്ങളില്‍ മത്സരിക്കും. മെല്‍കോട്ട മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ സ്വരാജ് ഇന്ത്യ പാര്‍ട്ടിയുടെ ദര്‍ശന്‍ പുട്ടനയ്യയെ കോണ്‍ഗ്രസ് പിന്തുണക്കും.