X
    Categories: Newsworld

കര്‍ണാടക വിധി നാളെ : വലിയ മുന്നേറ്റം കാഴ്ച വെക്കാനാകുമെന്ന് കോ ണ്‍ഗ്രസ്

ഒന്നര മാസത്തിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങളുടേയും ബുധനാഴ്ച നടന്ന പോളിങിന്റെയും ബഹളങ്ങളില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയം ഇന്നലെ ശാന്തമായിരുന്നു. 72.68 ശതമാനമാണ് പോളിംഗ് നടന്നത്.
എന്നാല്‍ അകത്ത് ജയപരാജയങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ കൂട്ടിയും കിഴിച്ചും സാധ്യതകള്‍ തിരയുന്ന തിരക്കിലാണ് നേതാക്കളും അണികളും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുമ്പോഴും അവസാന നിമിഷ അടിയൊഴുക്കുകളിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പ്രചവനങ്ങള്‍ അച്ചട്ടായാല്‍ കിട്ടാവുന്ന ‘രാജ’കീയ യോഗത്തിലാണ് എച്ച്.ഡി കുമാരസ്വാമിയുടേയും ജെ.ഡി.എസിന്റെയും കണക്കുകൂട്ടല്‍.
2018ല്‍ കുമാരസ്വാമിയുടെ കൈകളില്‍ മുഖ്യമന്ത്രി പദം എത്തിയതും ഇത്തരമൊരു ഭാഗ്യ നിമിഷത്തിലായിരുന്നു. ജെ.ഡി.എസ് ഒഴികെയുള്ള കക്ഷികളൊന്നും അഭിപ്രായ സര്‍വേകളെ അതേപടി അംഗീകരിച്ചിട്ടില്ല. കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെങ്കിലും തനിച്ചു ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ബഹുഭൂരിഭാഗം സര്‍വേകളും പറയുന്നത്. അതേസമയം തനിച്ച് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.
അഭിപ്രായ സര്‍വേകളെ തള്ളി ഭരണത്തുടര്‍ച്ച നേടുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നു. അതേസമയം കണക്കുകൂട്ടലുകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്താനുള്ള സാധ്യതയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. രണ്ടര പതിറ്റാണ്ടായി പാര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തര കലങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ് കര്‍ണാടക.
1999നു ശേഷം കോണ്‍ഗ്രസും ബി.ജെ.പിയും ജെ.ഡി.എസും മാറി മാറി അധികാരത്തില്‍ വന്നിട്ടുണ്ട്. ഒരേ ടേമില്‍ തന്നെ ഒന്നിലധികം കക്ഷികള്‍ അധികാര്ത്തില്‍ വരികയും ഒരു കക്ഷിക്കു തന്നെ ഒന്നിലധികം മുഖ്യമന്ത്രിമാരുണ്ടാകുകയും ചെയ്തതും കര്‍ണാടകയുടെ സവിശേഷതയാണ്. 2004-07 കാലയളവില്‍ ധരം സിങും (കോണ്‍ഗ്രസ്) കുമാരസ്വാമിയും(ജെ.ഡി.എസ്), യദ്യൂരപ്പയും (ബി.ജെ.പി) സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. 2008-13 കാലയളവില്‍ യദ്യൂരപ്പയും സദാനന്ദ ഗൗഡയും ജഗദീഷ് ഷെട്ടാറും ബി.ജെ.പി മുഖ്യമന്ത്രിമാരായിരുന്നു. ഇക്കഴിഞ്ഞ ടേമില്‍ നാലു പേരാണ് മുഖ്യമന്ത്രി പദമേറ്റത്. യദ്യൂരപ്പക്കായിരുന്നു ആദ്യ ഊഴം. സഭയില്‍ വിശ്വാസ വോട്ടു തേടാനാകില്ലെന്ന് കണ്ടതോടെ യദ്യരൂപ്പ രാജിവെച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്ന് കുമാരസ്വാമി മുഖ്യമന്ത്രിമാരായി. നേതാക്കളുടെ കൂറുമാറ്റത്തില്‍ പാതിവഴിയില്‍ കുമാരസ്വാമി വീണു. യദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. പിന്നീട് യദ്യൂരപ്പയെ മാറ്റി ബാസവരാജ് ബൊമ്മൈയെ ബി.ജെ. പി മുഖ്യമന്ത്രിയാക്കി.
എന്നാല്‍ 2009 മുതല്‍ 2023 വരെയും ആകെ വോട്ടു വിഹിതം കണക്കിലെടുത്താ ല്‍ ഏറ്റവും വലിയ കക്ഷി കോ ണ്‍ഗ്രസ് ആയിരുന്നു എന്നതാണ് കൗതുകം. 110 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തിയ 2008 ല്‍ പോലും വോട്ടുവിഹിതത്തില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. അതിനാല്‍ രാഷ്ട്രീയ സാഹചര്യം അനുകൂലമായ ഇത്തവണ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നതിനേക്കാള്‍ വലിയ മുന്നേറ്റം കാഴ്ച വെക്കാനാകുമെന്ന് കോ ണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ തട്ടകമായതിനാല്‍ അദ്ദേഹത്തിനും വിജയം നിര്‍ണായകമാണ്.

 

Chandrika Web: