X

കര്‍ണാടകയിലെ മന്ത്രിസഭാ പുന:സംഘടന കോണ്‍ഗ്രസ് നേതാക്കള്‍ കുമാരസ്വാമിയുമായി ചര്‍ച്ച നടത്തി


ബംഗളൂരു: ആഭ്യന്തര പ്രശ്‌നങ്ങളെതുടര്‍ന്ന് നിലനില്‍പ്പ് ഭീഷണി നേരിടുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാറിനെ ഉറപ്പിച്ചുനിര്‍ത്താന്‍ മന്ത്രിസഭാ പുനസംഘടന ഉള്‍പ്പെടെയുള്ള പുതിയ നീക്കങ്ങളുമായി നേതൃത്വം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതുസംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുമായി ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ കുമാരക്കുറുപ്പ് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച.
ജെ.ഡി.എസിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അതേസമയം കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രി ജി പരമേശ്വര, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സിദ്ധാരാമയ്യ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ആഭ്യന്തര മന്ത്രി എം.ബി പാട്ടീല്‍, ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 34 അംഗ സംസ്ഥാന മന്ത്രിസഭയില്‍ 22 പദവികളാണ് കോണ്‍ഗ്രസിനുള്ളത്. മുഖ്യമന്ത്രി പദം ഉള്‍പ്പെടെ 12 മന്ത്രിമാര്‍ ജെ.ഡി.എസിനുമുണ്ട്. ഇതില്‍ കോണ്‍ഗ്രസിന്റെ ക്വാട്ടയില്‍ ഒന്നും ജെ.ഡി.എസിന്റെ ക്വാട്ടയില്‍ രണ്ടും മന്ത്രിപദവികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. വിമതസ്വരം ഉയര്‍ത്തുന്ന എം.എല്‍.എമാരില്‍ ചിലരെ സീനിയോറിറ്റി അടിസ്ഥാനത്തില്‍ ഉള്‍കൊള്ളിച്ചും വകുപ്പു വിഭജനം ഉള്‍പ്പെടെയുള്ളവയില്‍ മാറ്റം വരുത്തിയും നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. മന്ത്രിസഭാ വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി യോഗത്തിനു ശേഷം കോണ്‍ഗ്രസ് സംസ്ഥാന ഘടകം വക്താവ് രവി ഗൗഡ പറഞ്ഞു.

web desk 1: