ബംഗളൂരു: ഞങ്ങളെ എം.എല്‍.എമാരെ മോഷ്ടിക്കാനാണ് ശ്രമമെങ്കില്‍ തിരിച്ച് ഞങ്ങള്‍ക്കും ആ പണി ചെയ്യേണ്ടി വരുമെന്ന് കര്‍ണാടക വനം മന്ത്രി സതീഷ് ജാര്‍കിഹോളി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഈ ഗവണ്‍മെന്റിനെ എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളെ എം.എല്‍.എമാരെ മോഷ്ടിച്ചാല്‍ നിങ്ങളുടേത് തിരിച്ചും മോഷ്ടിക്കും’. സതീഷ് ജാര്‍കിഹോളി പറഞ്ഞു.
ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരക്കു പകരമായി കോണ്‍ഗ്രസ് എന്തെങ്കിലും തരത്തിലുള്ള ഓപ്പറേഷന്‍ നടപ്പാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മാത്രമല്ല, ജെ.ഡി.എസും ഇത്തരത്തില്‍ ഓപ്പറേഷന്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് വിമതന്‍ രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 എം.എല്‍.എമാരാണ് ഇന്ന് സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്. 11 എം.എല്‍.എമാരുടെയും രാജിക്കത്ത് ഓഫീസില്‍ ലഭിച്ചതായി സ്പീക്കര്‍ രമേശ് കുമാര്‍ അറിയിച്ചിരുന്നു. എട്ടു കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്.