ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരവെ സ്പീക്കര്‍ക്കും കോണ്‍ഗ്രസ്-ജെഡിഎസ്് വിമത എം.എല്‍.എമാര്‍ക്കും ഒരുപോലെ അധികാരം നല്‍കി സുപ്രിംകോടതിയുടെ ഇടക്കാല വിധി. ഇന്ന് നടക്കാനിരിക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ഹാജരാകണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇനിയൊരുത്തവരുണ്ടാകുന്നത് വരെ വിമത എം.എല്‍.എമാര്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്ന് ഉത്തരവിട്ട സുപ്രിംകോടതി എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറുടെ അധികാരത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
സഭയില്‍ ഹാജരാകാന്‍ വിമത എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിമത എം.എല്‍.എമാര്‍ക്ക് ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ നിന്ന് പാര്‍ട്ടി വിപ്പ് പേടിക്കാതെ വിട്ടുനില്‍ക്കാന്‍ കഴിയും. വിശ്വാസവോട്ടെടുപ്പ് പരിഗണിച്ച് കോടതിക്ക് മുന്‍പാകെ വന്ന രണ്ടുവിഭാഗങ്ങളുടെയും അവകാശങ്ങള്‍ പരിഗണിച്ച് ഭരണഘടനാപരമായ സന്തുലിതത്വം പാലിച്ചുള്ള വിധിയാണ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്പീക്കറുടെ അധികാരത്തില്‍ സുപ്രിംകോടതിക്ക് ഇടപെടാനാവുമോയെന്നതു പോലുള്ള ചോദ്യങ്ങള്‍ക്ക് വിശദമമായ പരിശോധന ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം നിശ്ചയിച്ച് ഉത്തരവിടാന്‍ കഴിയില്ല. 15 വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റൊത്താഗി, സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി, മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ എന്നിവര്‍ ഇന്നലെയും തങ്ങളുടെ വാദങ്ങള്‍ ആവര്‍ത്തിച്ചു. തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയില്‍ പെട്ട 10 വിമത എം.എല്‍.എമാരാണ് ആദ്യം സുപ്രിംകോടതിയെ സമീപിച്ചത്.
സ്പീക്കര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാന്‍ സുപ്രിം കോടതി വിധി ചോദ്യം ചെയ്തു സ്പീക്കറും കോടതിയിലെത്തി. ഇതോടെ കോടതി വിശദമായി കേസ് പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ അഞ്ചു വിമത എം.എല്‍.എമാര്‍ കൂടി കോടതിയെ സമീപിച്ചതോടെ അവരുടെ കേസും കോടതി ഇതൊടൊപ്പം പരിഗണിച്ചു. ചീഫ് ജസ്്റ്റിസിനെ പുറമെ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധബോസ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.