ബംഗളൂരു: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കര്‍ണാടക മന്ത്രി. ഏതു നിമിഷം വേണമെങ്കിലും തന്റെ വീട്ടില്‍ മോദി സര്‍ക്കാര്‍ റെയ്ഡ് നടത്തിയേക്കുമെന്ന് ജലവിഭവശേഷി മന്ത്രി എം.ബി പാട്ടീല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബി.ജെ.പിയെ വിമര്‍ശിച്ച് പാട്ടീല്‍ രംഗത്തുവന്നത്.
തങ്ങളുടെ നിലപാടുകളെ വെല്ലുവിളിക്കുന്നവരെ ലക്ഷ്യമിട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്തി പ്രതികാരം ചെയ്യുന്ന രീതിയാണ് ബി.ജെ.പിക്കുള്ളത്. ബി.ജെ.പിയുടെ നിലപാടുകളെ എതിര്‍ക്കുന്നവരെയാണ് ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നതെന്നും പാട്ടീല്‍ കുറ്റപ്പെടുത്തി.
കര്‍ണാടക തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് എം.ബി പാട്ടീലിന്റെ ട്വിറ്റ്.
മാസങ്ങള്‍ക്കു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ തന്റെ മൊബൈല്‍ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപിച്ച് പാട്ടീല്‍ രംഗത്തുവരികയും ചെയ്തിരുന്നു. തന്റേതിനു പുറമെ ഭാര്യ, മൂത്തമകന്‍, 15 അനുയായികള്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.