X

കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ്

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ അവസാന അടവുമായി കോണ്‍ഗ്രസ് നേതൃത്വം. അനുനയ നീക്കം നടന്നില്ലെങ്കില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനാണ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമായത്. സ്പീക്കര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കി. ബി.ജെ.പി പണച്ചാക്കുകള്‍ കാണിച്ച്് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം എംഎല്‍എമാര്‍ രാജി കത്ത് നല്‍കിയതിനാല്‍ കര്‍ണ്ണാടകത്തിലെ തീരുമാനങ്ങള്‍ സ്പീക്കര്‍ക്കൊപ്പം ഗവര്‍ണറുടെയും കയ്യിലാണെന്ന വാദത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. കര്‍ണ്ണാടകത്തിലെ രാഷ്ട്രീയസംഭവങ്ങളെച്ചൊല്ലി രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധം അലയടിച്ചു. രാജ്യസഭയില്‍ രണ്ടു തവണ കോണ്‍ഗ്രസ് പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി സഭാ നടപടികള്‍ സ്തംഭിപ്പിച്ചു.

അതേസമയം, രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കര്‍ണ്ണാടകത്തിലെ പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിച്ചു. കര്‍ണ്ണാടക സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസ് നീക്കം വിജയിക്കില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനായി കേന്ദ്രം ഗവര്‍ണ്ണറില്‍ നിന്ന് ഉടന്‍ റിപ്പോര്‍ട്ടു തേടാനാണ് സാധ്യത. പുതിയ സര്‍ക്കാരിന് സാധ്യത കണ്ടില്ലെങ്കില്‍ രാഷ്ട്രപതി ഭരണം എന്ന ആലോചനയും ബിജെപി നേതൃത്വത്തിനുണ്ട്്.

എന്നാല്‍ സര്‍ക്കാരുകളെ വീഴ്ത്തുന്ന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി സഭയില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി പണമുപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും പറഞ്ഞിരുന്നു.

രാജിവെച്ച വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി. ഇതിനിടെ എം.എല്‍.എമാരെ ബി.ജെ.പി ഗോവയിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങി. ശിവകുമാര്‍ മുംബൈയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് വിമതരെ ഗോവയിലേക്ക് മാറ്റുന്നത്. മുംബൈയിലെ ഹോട്ടലില്‍ നിന്ന് പുണെയിലേക്കും അവിടെ നിന്ന് ഗോവയിലെ കേന്ദ്രത്തിലേക്കും മാറ്റാനാണ് നീക്കം.

അതേസമയം ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ എത്ര എം.എല്‍.എമാര്‍ പങ്കെടുത്തുവെന്ന് പറയാന്‍ സിദ്ധരാമയ്യ തയ്യാറായില്ല. കോണ്‍ഗ്രസ് എം.എല്‍.എ റോഷന്‍ ബെയ്ഗ ഇന്ന് രാജി പ്രഖ്യാപിച്ചു. രാജി വെച്ച എം.എല്‍.എമാര്‍ നേരിട്ട് എത്തിയാല്‍ തീരുമാനം അറിയിക്കാമെന്ന നിലപാടിലാണ് സ്പീക്കര്‍ രമേഷ് കുമാര്‍.

എട്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് സഖ്യ സര്‍ക്കാരിനെതിരെ നിലപാടുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ ഒരു സ്വതന്ത്രനും സഖ്യസര്‍ക്കാരിലെ മറ്റൊരു പാര്‍ട്ടിയായ കെ.പി.ജെ.പിയിലെ ഏക അംഗവും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണയും ബി.ജെ.പി പക്ഷത്തിന് 107 പേരുടെ പിന്തുണയുമായി കണക്കുകള്‍ മാറി.

വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ അവരെ അയോഗ്യരാക്കാനുള്ള നീക്കം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടും. സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമതര്‍ക്ക് സാധിക്കില്ല. എന്നാല്‍ ഈ ഭീഷണിയോട് വിമതര്‍ പ്രതികരിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കാനായി കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, ദിനേശ് ഗുണ്ടറാവു, സിദ്ധരാമയ്യ, ജി. പരമേശ്വര എന്നിവര്‍ നിയമവിദഗ്ധരുമായും ചര്‍ച്ച നടത്തും.

chandrika: