ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായ കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെയാണ് മന്ത്രിസഭ രൂപികരിക്കാനുള്ള ആവകാശവാദം ഉന്നയിച്ച് ജെ.ഡി.എസ് നേതാവ് കുമാരസ്വാമി ഗവര്‍ണര്‍ വാജുബായ് വാലെയെ കണ്ടു. രാത്രി 7.30ന് രാജ്ഭവനില്‍ എത്തിയാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന്റെ നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി ഗവണറെ കണ്ടത്. ബെംഗളൂരിലെ കണ്ഠീരവ സ്റ്റേഡയത്തിലാണ് ചടങ്ങ് നടക്കുക.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബി.എസ്.പി മായാവതി, അഖിലേഷ് യാദവ് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. ദേശീയതലത്തിലെ പ്രതിപക്ഷ നിരയിലെ എല്ലാവരെയും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കും. ഇതിലൂടെ ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ നിരയില്‍ ശക്തമായ ഐക്യമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
നാടകീയതക്കെടുവില്‍ വിശ്വാസ വോട്ടെടുപ്പിന് നിമിഷങ്ങള്‍ മുമ്പാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചത്. കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാമെന്ന ബി.ജെ.പി ക്യാമ്പിന്റെ പ്രതീക്ഷ അസ്തമിച്ചതോടെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍ നാണംകെട്ട് രാജിവെക്കുകയായിരുന്നു യെദ്യൂരപ്പ്. വെറും രണ്ടര ദിവസം മാത്രമാണ് യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിലിരുന്നത്.