X
    Categories: MoreViews

കര്‍ണാടക: കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചത്തേക്ക് മാറ്റി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചത്തേക്ക് മാറ്റി.

സത്യപ്രതിജ്ഞ നാളെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നാളെ രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികമായതിനെത്തുടര്‍ന്നാണ് സത്യപ്രതിജ്ഞ മാറ്റിവെച്ചതെന്ന് ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി പറഞ്ഞു. തിയതി മാറ്റം കോണ്‍ഗ്രസ് ജെ.ഡി.എസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ബുധനാഴ്ച ഉച്ചക്ക് 12.30ന് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഡാനിഷ് അലി പറഞ്ഞു. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, മായാവതി, മമത ബാനര്‍ജി, അഖിലേഷ് യാദവ്, എം.കെ സ്റ്റാലിന്‍, ചന്ദ്രശേഖര റാവു തുടങ്ങിയവരെ സത്യപ്രതിജ്ഞാ ചടങ്ങിനായി കുമാരസ്വാമി ക്ഷണിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമിക്ക് ഗവര്‍ണര്‍ വാജുഭായി വാല 15 ദിവസത്തെ സാവകാശം അനുവദിച്ചു. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം വേണ്ടെന്ന് കുമാരസ്വാമി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി. സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കുമാരസ്വാമി പറഞ്ഞു.

യെദ്യൂരപ്പയുടെ രാജിക്കു പിന്നാലെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ അദ്ദേഹത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത്.

chandrika: