ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയെങ്കിലും വരുന്ന മണിക്കൂറുകള്‍ ബി.ജെ.പിക്ക് നിര്‍ണായകം. ഭൂരിപക്ഷ തെളിയിക്കുന്നതിന് ബി.ജെ.പിക്ക് ഇനി ഒറ്റദിവസമാണ് കോടതി അനുവദിച്ചത്.
ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുന്ന നാളെ രാവിലെ പത്തു മണിക്ക് മുമ്പായി ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കണമെന്ന കോടതി നിര്‍ദേശം ബി.ജെ.പിക്ക് തിരിച്ചടിയായി.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബി.ജെ.പിക്ക് അവസരം നല്‍കിയത്. ഇതിനായി പതിനഞ്ചു ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളെ കോടതിയില്‍ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കണമെന്ന കോടതി നിര്‍ദേശിക്കുകയായിരുന്നു.
കേവലഭൂരിപക്ഷമായ 113 അംഗങ്ങള്‍ നിലവില്‍ ബി.ജെ.പിക്കൊപ്പമില്ല. 104 എം.എല്‍.എമാരും ഒരു സ്വതന്ത്ര എം.എല്‍.എയുമാണ് ബി.ജെ.പിക്കൊപ്പമുള്ളത്. ഭൂരിപക്ഷം തെളിയിക്കുന്നതിന് ഒറ്റ ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് പരമാവധി എംഎല്‍എമാരെ ഒപ്പം ചേര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനായി എം.എല്‍.എമാര്‍ക്ക് 100 കോടി രൂപയും മന്ത്രിസ്ഥാനവും ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
ബി.ജെ.പിയുടെ ചാക്കിട്ടുപിടിത്തം ഒഴിവാക്കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ സുരക്ഷിത താവളത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി സ്‌റ്റേ അനുവദിക്കാതിരുന്നത്.
അര്‍ദ്ധരാത്രിയില്‍ ആരംഭിച്ച് പുലര്‍ച്ച വരെ നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബി.ജെ.പിക്ക് അനുകൂലമായി സുപ്രീകോടതി നിലപാടെടുത്തത്. പുലര്‍ച്ചെ 2.10ന് ആരംഭിച്ച വാദം കേള്‍ക്കല്‍ 4.15ഓടെയാണ് അവസാനിച്ചത്.