X
    Categories: indiaNews

ഹിജാബ് വിവാദവും മുസ്‌ലിം സംവരണവും നാല്‍പത് ശതമാനം കമീഷന്‍ വിവാദവുമേല്‍പ്പിച്ച പ്രഹരത്തേക്കാള്‍ ഒരു പടി മുന്നിലായിരിക്കും തിരിച്ചടികള്‍.

അഡ്വ. സജല്‍

നാനാ ജാതികള്‍ കൊണ്ട് സമ്പന്നമായ സംസ്ഥാനമാണ് കര്‍ണാടക. വൊക്കലിഗ, വീരശൈവ പോലുള്ള വിഭാഗങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ടുകള്‍ നിര്‍ണായകമാണ്. ജാതി രാഷ്ട്രീയം പ്രകടമായി കളിക്കാതെ ഒരു പാര്‍ട്ടിക്കും പിടിച്ചുനില്‍ക്കാനാവാത്ത കന്നഡ മണ്ണ്. റിസോര്‍ട്ട് രാഷ്ട്രീയവും പാതിരാവില്‍ ജനാധിപത്യവകാശ സംരക്ഷണത്തിനായി സുപ്രീകോടതിയുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടതും സീറ്റില്ലെന്ന് അറിയുമ്പോള്‍ ഇടം വലം നോക്കാതെ അടുത്ത പാര്‍ട്ടിയിലേക്ക് ചാടുന്ന എം. എല്‍.എമാരും ഹിജാബ്, ടിപ്പുസുല്‍ത്താന്‍, മുസ്‌ലിം സംവരണം, നാല്‍പതു ശതമാനം കമ്മീഷന്‍ അങ്ങനെ എന്തും ഏതും ചര്‍ച്ചാവിഷയമാകുന്ന പൊള്ളുന്ന തിരഞ്ഞെടുപ്പ്. എന്നാല്‍ ഇത്തവണ പുതിയൊരു ചര്‍ച്ചാവിഷയംകൂടി കിട്ടി. പശു ഇന്ത്യയില്‍ ഒരു പ്രധാന ഐക്കണായി മാറിയിട്ട് കാലം കുറെയായെങ്കിലും പശുവിന്റെ പാല്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയമാകുന്നത് രാജ്യത്ത് ആദ്യമാകാം. ‘അമുല്‍-നന്ദിനി’. രാജ്യത്ത് ക്ഷീരമേഖലയില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന പാല്‍ ഉത്പാദക സംഘങ്ങള്‍. സംസ്ഥാനത്ത് ഇരുപത്തി നാല് ലക്ഷം ക്ഷീര കര്‍ഷകര്‍ നിര്‍ണായകമാകുന്ന നൂറിലധികം മണ്ഡലങ്ങള്‍, 30 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു.
കര്‍ണാടകയുടെ സ്വന്തം ബ്രാന്‍ഡാണ് നന്ദിനി. 1974ലാണ് കര്‍ണാടക ഡയറി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സ്ഥാപിതമാകുന്നത്. 1984ല്‍ പുനര്‍ നാമകരണം ചെയ്ത് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ.എം.എഫ്) എന്ന് മാറ്റി. സംസ്ഥാനത്തെമ്പാടുമായി 16 മില്‍ക്ക് യൂണിയനുകളാണ് കെ.എം.എഫിന് കീഴിലുള്ളത്. ഇരുപത്തി നാല് ലക്ഷം ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെട്ട 14,000 പാല്‍ സൊസൈറ്റികള്‍ ചേര്‍ന്നതാണ് കെ.എം.എഫ് പ്രതിദിനം 84 ലക്ഷം ലിറ്റര്‍ പാലാണ് കെ.എം. എഫ് വഴി സമാഹരിക്കപ്പെടുന്നത്. നന്ദിനി എന്ന ബ്രാന്‍ഡിനു കീഴില്‍ പാല്‍, തൈര്, നെയ്യ്, വെണ്ണ തുടങ്ങി ഉത്പന്നങ്ങളാണ് വിറ്റഴിക്കുന്നത്. തമിഴ്‌നാട് കഴിഞ്ഞാല്‍ താര രാഷ്ട്രീയ മേറെയുള്ള കന്നഡയില്‍ സൂപ്പര്‍ താരങ്ങളായിരുന്ന രാജ്കുമാര്‍, മകന്‍ പുനീത് രാജ്കുമാര്‍ തുടങ്ങിയവര്‍ നന്ദിനി ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്നു.
രാജ്യത്തെ പാല്‍ ഉത്പാദന ഉത്പന്ന മേഖലയില്‍ കാലാകാലങ്ങളായി ഒന്നാം സ്ഥാനം നിലനിര്‍ത്തി പോരുന്ന അമുല്‍ സ്ഥാപിച്ചത് 1946 ലാണ്. അമുലിന്റെ മാതൃ സഹകരണ സംഘടനയായ ഗുജറാത്ത് കോപറേറ്റീവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (ഏഇങങഎ) ഗുജറാത്തിലെ 2.6 മില്യന്‍ വരുന്ന ക്ഷീരോത്പാദകരുടെ കൂട്ടുസംരംഭമാണ്. ഈ സംഘടനയുടെ വ്യാപാര നാമമാണ് വാസ്തവത്തില്‍ അമൂല്‍. ഗുജറാത്തിലെ ആനന്ദില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനം ദീര്‍ഘകാലമായി നേട്ടമുണ്ടാകുന്ന സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥക്കുദാഹരണമാണ്. ഇന്ത്യയിലെ ധവള വിപ്ലവത്തിനെ ത്വരിതപ്പെടുത്തിയതും അമൂല്‍ ആയിരുന്നു. അമൂലിന്റെ വിജയശില്‍പി മലയാളികൂടിയായ വര്‍ഗീസ് കുര്യനാണ്. ഗുജറാത്തില്‍ രാഷ്ട്രീയത്തിനതീതമായിയായിരുന്നു അമുലിന്റെ പ്രവര്‍ത്തങ്ങളെങ്കിലും ഇപ്പോള്‍ പൂര്‍ണമായും സംഘ്പരിവാര്‍ നിയന്ത്രണത്തിലമര്‍ന്നിരിക്കുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാലിന് എന്താണ് ഇത്ര പ്രസക്തി എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ദേശീയ മാധ്യമങ്ങള്‍പോലും ഈ വിഷയം ചര്‍ച്ചക്കായി തിരഞ്ഞെടുത്തത്. പാലിനും തിരഞ്ഞെടുപ്പിനും പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെന്ന് തോന്നുമെങ്കിലും ഫലത്തില്‍ അങ്ങനെയല്ല. ഏപ്രില്‍ അഞ്ചാം തീയതി അമുല്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി ‘അമുല്‍ ഉത്പന്നങ്ങള്‍ ഇനി ബെംഗളൂരൂവിലുമെന്ന്’ ട്വീറ്റ് ചെയ്യുന്നു. ഗുജറാത്ത് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ പാല്‍ ഉത്പന്നങ്ങളാണ് അമുല്‍ എന്ന പേരില്‍ വിറ്റഴിക്കപ്പെടുന്നത്. അമുല്‍, കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ തങ്ങളുടെ പാലും തൈരും വില്‍ക്കാന്‍ ഒരുങ്ങുന്നു എന്ന പ്രഖ്യാപനമാണ് ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും വഴിതെളിച്ചത്. പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ മേഖലയിലെ ഇടപെടല്‍ സസൂക്ഷ്മം വീക്ഷിക്കുന്നവര്‍ക്ക് കാര്യം പെട്ടെന്ന് പിടികിട്ടും. 2022 ഡിസംബര്‍ മുപ്പതിന് കര്‍ണാടകയിലെ മാണ്ഡ്യ ജില്ലാ മില്‍ക്ക് യൂണിയനന്‍ മെഗാ ഡയറി ഫാം ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ സഹകരണ വകുപ്പിന്റെ കൂടി ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഒരു പ്രസ്താവന നടത്തി. നന്ദിനിയെ അമുലുമായി ലയിപ്പിക്കാന്‍ പോകുന്നു എന്ന അഭ്യൂഹവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമുലും നന്ദിനിയും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മൂന്നുകൊല്ലം കൊണ്ട് എല്ലാ ഗ്രാമങ്ങളിലും പ്രഥമിക ക്ഷീര സംഘങ്ങള്‍ നിലവില്‍വരും എന്നായിരുന്നു അദ്ദേഹം അന്നു പറഞ്ഞത്. കര്‍ണാടക മില്‍ക്ക് കോര്‍പറേഷന് എല്ലാ സാങ്കേതിക പിന്തുണയും സഹായവും അമുലില്‍നിന്ന് ലഭിക്കുമെന്നും ഈ മേഖലയില്‍ കര്‍ണാടകയും ഗുജറാത്തും യോജിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും അത് സഹായകരമാകുമെന്നും അമിത്ഷാ പറഞ്ഞിരുന്നു. പക്ഷേ ഷായുടെ ഈ പ്രസ്താവനയ്‌ക്കെതിരേ അന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും ഇപ്പോള്‍ ബംഗളൂരുവിലേക്ക് വരുന്നു എന്ന അമുലിന്റെ പ്രഖ്യാപനത്തെ അമിത്ഷായുടെ മുന്‍പത്തെ പ്രസംഗത്തോട് ചേര്‍ത്ത് വായിക്കുമ്പോഴാണ് ലയിപ്പിക്കല്‍ എന്ന അഭ്യൂഹം കൂടുതല്‍ ശക്തമാകുന്നത്.

ബെംഗളൂരുവിലെ ഏറ്റവും വലിയ പാല്‍ വിതരണക്കാരാണ് നന്ദിനി. പ്രതിദിനം ഏകദേശം ഇരുപത്തി മൂന്ന് ലക്ഷം ലിറ്റര്‍ നന്ദിനി പാലാണ് ബെംഗളൂരുവില്‍ വിറ്റഴിക്കപ്പെടുന്നത്. അതായത് ആകെ വില്‍ക്കപ്പെടുന്നതിന്റെ ഏഴുപത് ശതമാനത്തോളം. നന്ദിനിയുടെ സ്വന്തം സ്ഥലത്തേക്ക് മേഖലയിലെ ഒന്നാമനായ അമുല്‍ എത്തുമ്പോള്‍ വിപണിയില്‍ കടുത്ത മത്സരത്തിന് വഴിവെച്ചേക്കും. മാത്രമല്ല ഇടനിലക്കാരുടെ കടന്നുവരവിനും ഇത് വഴിവക്കുമെന്നും കര്‍ണാടകയിലെ ക്ഷീരകര്‍ഷകരെ ഇത് പ്രതികൂലമായി ബാധിക്കാനും ഇടയുണ്ടെന്നുമാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് കെ.എം.എഫിന്റെ കീഴില്‍ പാല്‍സംഭരണം കുറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ ആരോപിക്കുന്നുണ്ട്. തൊണ്ണൂറ്റി ഒന്‍പത് ലക്ഷം ലിറ്ററില്‍നിന്ന് എഴുപത്തി ഒന്ന് ലക്ഷം ലിറ്ററായി കുറഞ്ഞെന്നും ഇത് കെ.എം.എഫിന് എതിരായ ഗൂഢാലോചനയുടെ ഭാഗമാണോ എന്നും ചോദ്യമുയര്‍ത്തുന്നു. കര്‍ണാടക വിപണിയില്‍ കടന്ന് പാലും തൈരും വില്‍ക്കാന്‍ മുന്‍പും അമുല്‍ ശ്രമിച്ചിരുന്നെന്നും അന്നത് സംഭവിക്കാന്‍ തങ്ങള്‍ അനുവദിച്ചില്ലന്നും എന്നാല്‍, ഇന്ന് സംസ്ഥാന സര്‍ക്കാര്‍ അവരെ സ്വാഗതം ചെയ്യുകയാണെന്നും കര്‍ഷകരെ ലക്ഷ്യമിട്ട് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട് മുന്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ പ്രസിഡന്റ്. കൂടാതെ മോദിയെ ലക്ഷ്യമാക്കി കര്‍ണാടകയിലേക്കുള്ള താങ്കളുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം കര്‍ണാടകക്ക് നല്‍കലാണോ അതോ കര്‍ണാടകയെ കൊള്ളയടിക്കുകയാണോ എന്നും ചോദിക്കുന്നുണ്ട്.

കെ.എം.എഫിനെ അമുല്‍ ശ്വാസംമുട്ടിയ്ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ അമുലിനെ പിന്‍വാതിലിലൂടെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ അമുലിന് ബെംഗളൂരുവില്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കിയിട്ടുണ്ടെന്നാണ് മുന്‍ മുഖ്യമന്ത്രിയും ജെ.ഡി എസ് നേതാവുമായ കുമാരസ്വാമിയുടെ ആരോപണം. എന്നാല്‍ അമുല്‍ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തതയുണ്ടെന്നും കര്‍ണാടകയിലേക്കുള്ള അമുലിന്റെ വരവിനെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറയുന്നത്. ബി.ജെ.പി നേതാവും എം.എല്‍.എയുമായ ബാലചന്ദ്ര ജര്‍ക്കിഹോളിയാണ് നിലവില്‍ കെ.എം.എഫിന്റെ ചെയര്‍മാന്‍. അമുലും നന്ദിനിയും ലയിപ്പിക്കാനുള്ള സാധ്യതയെ പ്രത്യക്ഷമായി തള്ളുന്നുണ്ടെങ്കിലും പരോക്ഷമായി കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ അംഗീകരിക്കുന്നുമുണ്ട്. ഏകദേശം 50 ലക്ഷം വോട്ടര്‍മാര്‍ കെ.എം.എഫുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഇതോടെ ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം കളത്തിലിറങ്ങുകയായിരുന്നു. ബെംഗളൂരുവിലെ ഹോട്ടല്‍ ഉടമകളുടെ സംഘടന നന്ദിനി പാലേ വാങ്ങുവെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
ഹിജാബ് വിവാദവും മുസ്‌ലിം സംവരണവും നാല്‍പത് ശതമാനം കമീഷന്‍ വിവാദവുമേല്‍പ്പിച്ച പ്രഹരത്തേക്കാള്‍ ഒരു പടി മുന്നിലായിരിക്കും ഇതിന്റെ തിരിച്ചടികള്‍. പഞ്ചാബിലേയും ഡല്‍ഹിയിലെയും കര്‍ഷക സംഘടനകളില്‍ കടന്നുകയറി ഭിന്നിപ്പ് ഉണ്ടാക്കിയ അതേ തന്ത്രം കന്നഡ മണ്ണില്‍ വേര് പിടിക്കാതെ പോയതിന്റെ അലയൊലികള്‍ ഇനിയുമുണ്ട്. ക്ഷീരോത്പാദനം മുഖ്യ ഉപജീവനമാര്‍ഗമായി കാണുന്ന ലക്ഷക്കണക്കിന് വോട്ടര്‍മാരെ സ്വാധീനിച്ചാല്‍ ഷട്ടാറും ലാവിഡിയും നല്‍കിയതിനപ്പുറമായിരിക്കും ബി.ജെ.പിക്ക് കര്‍ണാടകയിലെ ധവള രാഷ്ട്രീയം നല്‍കുന്ന ഷോക്ക് ട്രീറ്റ്‌മെന്റ്. ബി.ജെ.പിയുടെ പതനത്തിന് കര്‍ണാടകയില്‍ തുടക്കംകുറിക്കുമോ? എല്ലാം ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ വ്യക്തമാവും.

Chandrika Web: