X
    Categories: indiaNews

കര്‍ണാടക: രണ്ടാം വര്‍ഷ പി.യു.സി പരീക്ഷയ്ക്കും ഹിജാബിന് വിലക്ക്

ശരീഫ് കരിപ്പൊടി
കാസര്‍കോട്‌

ഹിജാബ് വിവാദങ്ങള്‍ക്കിടയില്‍ ഒന്നാം വര്‍ഷ പിയുസി, എസ്.എസ്.എല്‍.സി പരീക്ഷകള്‍ നടത്തിയതിന് പിന്നാലെ നിര്‍ണായക പരീക്ഷയായ രണ്ടാം പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നു. ഏപ്രില്‍ 22 മുതല്‍ മെയ് 18 വരെയാണ് പരീക്ഷ. നേരത്തെ ഒന്നാം പി.യു.സി പരീക്ഷയും എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് മാസം നടന്നിരുന്നു. ഹിജാബ് ധരിക്കാതെ പരീക്ഷക്ക് ഹാജരാകണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം സംസ്ഥാനത്ത് ഒരിടത്തും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഹാജരാകാന്‍ സമ്മതിച്ചിരുന്നില്ല. ഇതു വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രീ-യൂണിവേഴ്‌സിറ്റി രണ്ടാം വാര്‍ഷിക പരീക്ഷയിലും ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രിയുടേതായി പ്രസ്താവന വന്നത്. ‘എല്ലാ വിദ്യാര്‍ഥികളും യൂണിഫോം നിയമങ്ങള്‍ പാലിക്കണമെന്നും ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥികളെ അനുവദിക്കില്ലെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഉഡുപ്പി പ്രീ-യൂണിവേഴ്സിറ്റി കോളജില്‍ ആറു വിദ്യാര്‍ഥികളുമായി തുടങ്ങിയ ഹിജാബ് വിവാദം സംസ്ഥാനമൊട്ടാകെ പടര്‍ന്നിരുന്നു. അതിനിടയില്‍ കനത്ത പൊലീസ് സന്നാഹത്തോടെയും പരീക്ഷാ കേന്ദ്രങ്ങളില്‍ ഹിജാബ് നിരോധിക്കുകയും ചെയ്താണ് കര്‍ണാടക സര്‍ക്കാര്‍ എസ്.എസ്.എല്‍.സി പരീക്ഷ നടത്തിയത്. ഹിജാബ് ധരിക്കാനാകാത്തതിനാല്‍ പരീക്ഷയെഴുതാനാകാതെ മടങ്ങുന്ന വിദ്യാര്‍ഥികള്‍ മടങ്ങുന്നതിന്റെയും പരീക്ഷാ ഹാളില്‍ ഹിജാബ് അഴിപ്പിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഹുബ്ബള്ളിയിലും ബഗല്‍കോട്ടിലും പരീക്ഷയെഴുതാനെത്തിയ നിരവധി വിദ്യാര്‍ഥികളെയാണ് അധികൃതര്‍ ഹിജാബ് ധരിച്ചതിനെ തുടര്‍ന്ന് പരീക്ഷയ്ക്കിരുത്താതെ തിരിച്ചയച്ചത്. ഒന്നാം പിയുസി പരീക്ഷയില്‍ ഹിജാബ് ധരിക്കാതെ പരീക്ഷക്ക് ഹാജരാകണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് 40 വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. ഹിജാബ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പേയാണ് പിയുസി പരീക്ഷാ ഹാളില്‍ ഹിജാബ് വിലക്ക് നടപ്പാക്കിയത്.

6,84,255 വിദ്യാര്‍ഥികളാണ് പിയുസി പരീക്ഷയ്ക്കിരിക്കുക. ഹിജാബ് വിലക്കിനെ തുടര്‍ന്ന് വിവാദം വീണ്ടും ഉയരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പരീക്ഷകള്‍ സുഗമമായി നടത്തുന്നതിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങള്‍ക്കും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ എല്ലാ പരീക്ഷാ ജോലികളും പൊലീസ് ബന്ദവസിലായിരിക്കും നടത്തുക. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള 200മീറ്റര്‍ മേഖല നിരോധിത മേഖലയായി പ്രഖ്യാപിക്കും.

Chandrika Web: