ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്തി എഴുതുന്നതിനെതിരെ വ്യാപക പ്രതിഷേധം. പാഠപുസ്തക പുനരവലോകന കമ്മിറ്റി ഗാന്ധി വധത്തില്‍ ആരോപണ വിധേയനായ വിനായക് ദാമോദര്‍ സവര്‍കറെ കുറിച്ചുള്ള പാഠഭാഗം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.
എട്ടാം തരം പാഠപുസ്തകത്തിലാണ് അന്‍ഡമാന്‍ ജയിലില്‍ തടവില്‍ കഴിയുന്ന സമയത്ത് പക്ഷിയുടെ ചിറകിലിരുന്ന് സവര്‍കര്‍ സ്വന്തം നാട് സന്ദര്‍ശിച്ചതായുള്ള യുക്തിക്ക് നിരക്കാത്ത ഭാഗം ഉള്‍പ്പെടുത്തിയത്. സവര്‍ക്കറെ പാര്‍പ്പിച്ച സെല്ലിന് താക്കോല്‍ ദ്വാരം പോലുമുണ്ടായിരുന്നില്ലെങ്കിലും ബുള്‍ബുള്‍ പക്ഷി അദ്ദേഹത്തിന്റെ മുറിയില്‍ സന്ദര്‍ശനത്തിന് വരാറുണ്ടെന്നും ഇതിന്റെ ചിറകിലിരുന്ന് സവര്‍ക്കര്‍ സ്വന്തം നാട്ടില്‍ എല്ലാ ദിവസവും പോയി വരാറുണ്ടായിരുന്നെന്നുമാണ് പുതിയ പാഠപുസ്തകത്തിലെ ഒരു ഭാഗം പറയുന്നത്.
സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് നിരവധി തവണ മാപ്പ് എഴുതിക്കൊടുത്ത സവര്‍ക്കറെ വീര പോരാളിയാക്കുന്നതിനായുള്ള ശ്രമം ആര്‍.എസ്.എസ് ഏറെ നാളായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് യുക്തിക്ക് നിരക്കാത്ത സവര്‍ക്കര്‍ ചരിത്രം കര്‍ണാടകയില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ വിവിധ അക്കാദമിക് വിധഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്.വിജയമാല രചിച്ച ‘രക്തഗ്രൂപ്പ്’ എന്ന പാഠഭാഗത്തിന് പകരമാണ് കെ കെ ഗാട്ടി രചിച്ച ‘കാലത്തിനോട് ജയിച്ചവന്‍’ എന്ന ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ജയിലില്‍ രചയിതാവ് നടത്തിയ സന്ദര്‍ശനത്തിന്റെ വ്യക്തിവിവരണമാണ് ഭാഗത്തില്‍ ഉള്ളത്.