ബംഗളൂരു: കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത് ഗവര്‍ണര്‍ വാജുഭായ് വാലയുടെ ബി.ജെ.പിക്കനുകൂലമായ നീക്കം. എന്നാല്‍ നിഷ്പക്ഷമായി പ്രതികരിക്കേണ്ട ഗവര്‍ണര്‍ ഇത്തരത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതിന് പിന്നില്‍ 22 വര്‍ഷം മുമ്പ് വാജുഭായ്‌ക്കേറ്റ മുറിവിന്റെ തിരിച്ചടിയാണ്. ആ സംഭവത്തിനു കാരണമായതാവട്ടെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത കുമാരസ്വാമിയുടെ പിതാവ് എച്ച്.ഡി ദേവഗൗഡയും.
22 വര്‍ഷം മുമ്പത്തെ സംഭവം ഇങ്ങനെ:
ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് വാജുഭായ് വാല ഗുജറാത്തിലെ ബി.ജെ.പി അധ്യക്ഷനായിരുന്നു. ഈ സമയത്ത് ബി.ജെ.പി നേതാവ് സുരേഷ് മെഹ്തയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി.
ബി.ജെ.പി നേതാവായിരുന്ന ശങ്കര്‍ സിങ് വഗേല പാര്‍ട്ടി വിമതനായി തനിക്ക് 40 എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി സുരേഷ് മെഹ്തയോട് ഗുജറാത്ത് ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയായിരുന്നു.
ഭൂരിപക്ഷം തെളിയിക്കാന്‍ സഭ സമ്മേളിച്ചപ്പോള്‍ പ്രക്ഷുബ്ധമായിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി സര്‍ക്കാറിനെ പിരിച്ചുവിട്ട് ഉത്തരവിറക്കി. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ദേവഗൗഡയായിരുന്നു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലക്ക് വാജുഭായ്‌ക്കേറ്റ കനത്ത പ്രഹരമായിരുന്നു സര്‍ക്കാറിന്റെ പിരിച്ചുവിടല്‍. ഇതാണ് നിലവില്‍ കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചതിന്റെ കാരണമായി പരക്കെ ചൂണ്ടിക്കാട്ടുന്നത്.