ബംഗളൂരു: രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്ന കര്‍ണാടകയില്‍ വീണ്ടും കീഴ്‌വഴക്കം ലംഘിച്ച് ബി.ജെ.പി.
മുതിര്‍ന്ന എം.എല്‍.എയെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്ന കീഴ്‌വഴക്കമാണ് ബി.ജെ.പി ലംഘിച്ചത്.
ബി.ജെ.പി എം.എല്‍.എയായ കെ.ജി ബൊപ്പയ്യയെയാണ് പ്രോടേം സ്പീക്കറാക്കി ഗവര്‍ണര്‍ വാജുഭായി വാല നിയമിച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ആര്‍.വി ദേശ്പാണ്ഡെയെ മറികടന്നാണ് ബൊപ്പയ്യയെ നിയമിച്ചത്. രാജ്ഭവനിലെത്തി ബൊപ്പയ്യ ഗവര്‍ണറെ കണ്ടു.
വിശ്വാസവോട്ടെടുപ്പിന് മുന്‍പ് പ്രോടേം സ്പീക്കറെ നിയമിക്കണമെന്നും ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരിക്കണം വോട്ടെടുപ്പെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കീഴ്‌വഴക്കമനുസരിച്ച് സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് പ്രോടേം സ്പീക്കര്‍ പദവി വഹിക്കാറ്. എന്നാല്‍ ഇത് മറികടന്നുകൊണ്ടാണ് ബി.ജെ.പിയുടെ നിയമനം.
2009 മുതല്‍ 2013 വരെ സ്പീക്കറായിരുന്നു ബൊപ്പയ്യ.
യെദ്യൂരപ്പയുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ബൊപ്പയ്യ 2011ല്‍ 11 ബി.ജെ.പി വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയത് വിവാദമായിരുന്നു. ബൊപ്പയ്യയുടെ ഈ തീരുമാനമാണ് ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി സര്‍ക്കാറിന് മുന്നോട്ട് പോകാന്‍ സഹായകമായത്. വിശ്വാസവോട്ടെടുപ്പില്‍ ബൊപ്പയ്യ സ്വീകരിച്ച നടപടികളെ അന്ന് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.