രാജ്യത്തിന്റെ കണ്ണുകള്‍ സാകൂതം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭയിലെ ‘അവിശ്വാസ’ നാടകത്തിന് യെദ്യൂരപ്പയുടെ രാജിയോടെ അന്ത്യമായപ്പോള്‍ മതേതര, ജനാധിപത്യ ക്യാമ്പില്‍ ആശ്വാസവും ആഹ്ലാദവും. രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ചു. പ്രമുഖരുടെ പ്രതികരണം:
പ്രകാശ് രാജ്
കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, ഇനിയും ബഹുവര്‍ണത്തില്‍ തുടരും. കളി തുടങ്ങുംമുമ്പേ അവസാനിച്ചു. 55 മണിക്കൂര്‍ പോലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. തമാശകള്‍ക്കപ്പുറം… പ്രിയപ്പെട്ട പൗരന്മാര്‍, ഇനി കൂടുതല്‍ ചെളിനിറഞ്ഞ രാഷ്ട്രീയത്തിനായി കാത്തിരിക്കുക. ഞാന്‍ ഇനിയും പൗരന്മാര്‍ക്കൊപ്പം നില്‍ക്കും. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും.
സീതാറാം യെച്ചൂരി
ബി.ജെ.പിയുടെ അഴിമതി നിറഞ്ഞ ക്രിമിനല്‍ മാതൃക വീഴ്ത്തപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി വഞ്ചനയും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഇത് തെളിയിക്കുന്നു.
പി. ചിദംബരം
സഭാനടപടികള്‍ തത്സമയം രാജ്യം കാണുകയും ഓരോ പൗരനും പ്രോടേം സ്പീക്കര്‍ ആവുകയും ചെയ്തപ്പോള്‍ കര്‍ണാടകയില്‍ ജനാധിപത്യം രക്ഷിക്കപ്പെട്ടിരിക്കുന്നു.
അരവിന്ദ് കേജ്രിവാള്‍
ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമം കര്‍ണാടകയില്‍ പരാജയപ്പെട്ടിരിക്കുന്നു. തെറ്റായ മാര്‍ഗങ്ങളിലൂടെ അധികാരം നേടാനുള്ള ബി.ജെ.പിയുടെ ആസക്തി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഇനിയെങ്കിലും ബി.ജെ.പി പാഠം പഠിക്കുമോ? ഇന്ത്യന്‍ ജുഡീഷ്യറി അവസരത്തിനാത്തുയരുകയും ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്തു.
ഡെരക് ഒബ്രെയ്ന്‍ (സി.പി.എം നേതാവ്)
സുപ്രീം കോടതിയാണ് മാന്‍ ഓഫ് ദി മാച്ച്. ഗവര്‍ണര്‍ വര്‍ഷത്തെ (അല്ലെങ്കില്‍ പതിറ്റാണ്ടിലെ) വില്ലനും.
ബര്‍ഖ ദത്ത് (മാധ്യമപ്രവര്‍ത്തക)
ഞാന്‍ രവിശാസ്ത്രിയായിരുന്നെങ്കില്‍ എനിക്ക് പറയാനുള്ളത് ഇങ്ങനെയാണ്: ജനാധിപത്യം വിജയിച്ചിരിക്കുന്നു, പരമ്പരയിലെ താരങ്ങള്‍ സുപ്രീംകോടതി ജഡ്ജിമാരാണ്.
സഞ്ജയ് ഹെഗ്‌ഡെ (കോളമിസ്റ്റ്)
കര്‍ണാടക പരീക്ഷണത്തില്‍ ആരൊക്കെ ജയിച്ചാലും തോറ്റാലും ഒരു കാര്യം അപ്രത്യക്ഷമായിരിക്കുന്നു: മോദി-ഷാ കൂട്ടുകെട്ട് അപരാജിതരാണെന്ന ധാരണ.
ചേതന്‍ ഭഗത്
തിരശ്ശീലക്കു പിന്നിലായിരുന്നുവെങ്കിലും കര്‍ണാടക പരീക്ഷണം രാഹുല്‍ ഗാന്ധിയുടെ വിജയമാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഉടമ്പടികളും തെരഞ്ഞെടുപ്പിനു ശേഷമുള്ള ക്രയവിക്രയങ്ങളും രാഷ്ട്രീയത്തിലെ പ്രധാന ഭാഗമാണ്. കോണ്‍ഗ്രസ് അത് നന്നായി ചെയ്തിരിക്കുന്നു.