നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന കര്‍ണാടകയിലെ ഭരണ കക്ഷിയായ ബി.ജെ.പിക്ക് സംവരണ പ്രശ്നം അപ്രതീക്ഷിത വെല്ലുവിളിയാകുന്നു. പട്ടിക ജാതി സംവരണത്തെ തരം തിരിച്ച് ഇതില്‍ ഉപസംവരണമേല്‍പ്പെടുത്തിയും മുസ്്ലിം സംവരണം എടുത്തു മാറ്റി തങ്ങളുടെ വോട്ട് ബാങ്കായ ലിംഗായത്ത്, വൊക്കലിംഗ വിഭാഗക്കാര്‍ക്ക് വീതിച്ച് നല്‍കിയതും ബി.ജെ.പിക്ക് തന്നെ ബുമറാങ്ങാവുന്നു.
മുസ്്ലിം സംവരണം വെട്ടി വര്‍ഗീയ ധ്രുവീകരണത്തിന് വേഗത കൂട്ടിയ ബി.ജെ.പിക്ക് ദളിത് സംവരണത്തില്‍ കൈകടത്തിയതോടെ തങ്ങളോടൊപ്പം നിന്ന ദളിത് വിഭാഗങ്ങളുടെ വോട്ട് ചോരുമോ എന്ന ഭയമാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിനാവട്ടെ സംവരണ വിഷയം അപ്രതീക്ഷിതമായി കിട്ടിയ തുരുപ്പ് ചീട്ടാണ്. പട്ടികജാതി, മുസ്്ലിം വിഭാഗങ്ങള്‍ സര്‍ക്കാറിനെതിരെ പരസ്യമായി ഇപ്പോള്‍ തന്നെ തെരുവില്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം മുന്‍മുഖ്യമന്ത്രി യെദിയൂരപ്പയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ദളിത് സംഘടനകള്‍ വീടിന് നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു. അഴിമതി ആരോപണവും ഭരണവിരുദ്ധ വികാരവും ബി.ജെ.പിക്ക് അകത്തെ പടലപ്പിണക്കവും കൂടിയായതോടെ ഫലത്തില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്ന ചീത്ത പേര് ബസവരാജ് ബൊമ്മെ സര്‍ക്കാറിനുണ്ട്.
ഇതിന് പുറമെ മുന്‍മുഖ്യമന്ത്രി യെദിയൂരപ്പയും സി.ടി രവിയും തമ്മിലുള്ള പടലപ്പിണക്കവും ചെറുതല്ലാത്ത വെല്ലുവിളി ബി.ജെ.പിക്ക് നല്‍കുന്നു. സംവരണ പ്രശ്നത്തില്‍ ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഒബിസി, എസ്.സി വോട്ട് തങ്ങളിലേക്ക് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മുമ്പൊരിക്കലും ഇല്ലാത്ത വിധം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പകുതി സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചും വന്‍ റാലികള്‍ നടത്തിയും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കും മുമ്പേ തന്നെ വന്‍ വാഗ്ദാനങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇത് വോട്ടാക്കി മാറ്റാനാവുമെന്ന ശുഭാപ്തി വിശ്വാസവും പാര്‍ട്ടിക്കുണ്ട്. ഒപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പുറത്ത് വന്ന അഭിപ്രായ സര്‍വേകളും പാര്‍ട്ടിക്ക് കരുത്ത് പകരുന്നുണ്ട്.
കോണ്‍ഗ്രസിനെ പോലെ തിരഞ്ഞെടുപ്പിന് മുമ്പേ ചുവടുറപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസും നേരത്തെ തന്നെ കളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും മൈസൂര്‍ കര്‍ണാടകയ്ക്കും, ബംഗളൂരു മേഖലക്കും അപ്പുറത്തേക്ക് കാര്യമായ വേരോട്ടമില്ലെന്നത് പാര്‍ട്ടിക്ക് വിലങ്ങു തടിയാണ്. പോരാത്തതിന് കുടുംബ പാര്‍ട്ടിയെന്ന ചീത്തപ്പേരും ജെ.ഡി.എസിനുണ്ട്.