ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള പോരാട്ടമാണെന്ന് ബി.ജെ.പി. എം.എല്‍.എ സഞ്ജയ് പാട്ടീല്‍. കര്‍ണാടകയില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ സഞ്ജയ് പാട്ടീല്‍, ഞാന്‍ ഹിന്ദുവാണ്. ഇതൊരു ഹിന്ദു രാഷ്ട്രമാണ്. രാമക്ഷേത്രം നിര്‍മിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലക്ഷ്മി ഹെബ്ബാലികര്‍ പറയുന്നത് അവര്‍ പള്ളി പണിയാന്‍ ഉദ്ദേശിക്കുന്നുവെന്നാണ്. ബാബരി മസ്ജിദും ടിപ്പു ജയന്തിയുമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തോളൂ. ശിവജിയേയും രാമക്ഷേത്രത്തേയുമാണ് വേണ്ടതെങ്കില്‍ നിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുക’-സഞ്ജയ് പാട്ടീല്‍ പറഞ്ഞു.
സഞ്ജയിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ഭരണഘടനാവിരുദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ നിയമലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മധു ഗൗഡ് യക്ഷി ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകള്‍ കര്‍ണാടകയില്‍ വിലപ്പോകില്ല. ബി.ജെ.പിയുടെ നിരാശയാണ് ഇത്തരം പ്രസംഗങ്ങളിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാവി അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സഞ്ജയ് പാട്ടീല്‍. ഇതിന് മുമ്പും ഇദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ റാലി ക്രമീകരിക്കാന്‍ ശ്രമിച്ച പൊലീസ് ഓഫീസറെ പാട്ടീല്‍ തെറിവിളിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു.