ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഭരണകക്ഷിയായ കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 224 സീറ്റുകളിലുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ 218 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ഇനി ആറു ആളുകളുടെ പേരുകള്‍ കൂടി പ്രഖ്യാപിക്കാനുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടു സീറ്റുകളില്‍ നിന്ന് ജനവിധി തേടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരു സീറ്റില്‍ മാത്രമേ അദ്ദേഹത്തിന്റെ പേരുള്ളൂ. ചാമുണ്ഡേശ്വരിയില്‍ നിന്നാണ് ഇത്തവണ സിദ്ധരാമയ്യ ജനവിധി തേടുക.
സിദ്ധരാമയ്യ ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന വരുണ മണ്ഡലത്തില്‍ മകന്‍ ഡോ.യതീന്ദ്രയാണ് മത്സരിക്കുന്നത്. പി.സി.സി പ്രസിഡന്റ് ജി പരമേശ്വര കൊരട്ടേഗേരെ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളും നിയമമന്ത്രി ടി.ബി ജയചന്ദ്രയുടെ മകന്‍ സന്തോഷ് ജയചന്ദ്രയും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടി.
മെയ് 12നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് 15ന് നടക്കും. ബി.ജെ.പി ഇന്ന് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ആദ്യഘട്ട പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ ശികരിപുരയില്‍ നിന്നാണ് ജനവിധി തേടുന്നത്.