X

കര്‍ണാടകയില്‍ ‘മേവാനിയുടെ സ്ഥാനാര്‍ത്ഥി’ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്; മേലുകോട്ടെയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല

ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വരാജ് ഇന്ത്യ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. മേലുക്കോട്ടെയില്‍ സ്വരാജ് ഇന്ത്യ പാര്‍ട്ടിക്കു കീഴില്‍ മത്സരിക്കുന്ന ദര്‍ശന്‍ പുട്ടണ്ണയ്യക്കു വേണ്ടിയാണ് കോണ്‍ഗ്രസ് മത്സര രംഗത്തു നിന്ന് പിന്മാറിയത്. പുട്ടണ്ണയ്യക്കു വേണ്ടി പ്രചരണം നടത്താന്‍ ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി എത്തിയിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബദ്ഗാമില്‍ നിന്ന് ജിഗ്‌നേഷ് മേവാനി മത്സരിച്ചപ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.

കര്‍ഷക നേതാവും മുന്‍ എം.എല്‍.എയുമായ കെ.എസ് പുട്ടണ്ണയ്യയുടെ മകനായ ദര്‍ശന്‍, അമേരിക്കയിലെ തന്റെ ജോലി ഉപേക്ഷിച്ചാണ് മേലുകോട്ടെയില്‍ മത്സരിക്കാനെത്തുന്നത്. ക്വിനിക്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയിരുന്ന അദ്ദേഹം കുടുംബ സമേതം അമേരിക്കയില്‍ താമസിച്ചു വരികയായിരുന്നു. 1994, 2013 തെരഞ്ഞെടുപ്പുകളില്‍ മേലുകോട്ടെയില്‍ നിന്ന് ജയിച്ച ഇദ്ദേഹത്തിന്റെ പിതാവ് ഈയിടെയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സര്‍വോദയ കര്‍ണാടക പക്ഷ (എസ്.കെ.പി) യോഗേന്ദ്ര യാദവ് നേതൃത്വം നല്‍കുന്ന ‘സ്വരാജ് ഇന്ത്യ’യില്‍ ലയിച്ചിട്ടുണ്ട്.

പുട്ടണ്ണയ്യക്കു വേണ്ടി പ്രചരണം നടത്താന്‍ താന്‍ എത്തുന്നുണ്ടെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചതു പോലെയാണ് കോണ്‍ഗ്രസ് മേലുകോട്ടെയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്നും മേവാനി പറഞ്ഞു.

അതേസമയം, ജിഗ്നേഷ് മേവാനിക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിയും നടന്‍ പ്രകാശ് രാജും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് കര്‍ണ്ണാടക ബി.ജെ.പി നേതൃത്വം പരാതി നല്‍കി.

മോദിയേയും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ യെദ്യൂരപ്പയേയും മേവാനിയും പ്രകാശ് രാജും അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ ബി.ജെ.പി പറയുന്നു. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇരുവരേയും സംസ്ഥാനത്ത് പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നാണ് പരാതിയിലെ ആവശ്യം.

നേരത്തെ, ബാംഗളൂരുവില്‍ നടത്തിയ പ്രസംഗത്തിലാണ് മോദിക്കെതിരെ മേവാനി പരാമര്‍ശം നടത്തിയത്. രാജ്യത്തിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഒരു കോര്‍പ്പറേറ്റ് വില്‍പ്പനക്കാരനാണെന്നും രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബി.ജെ.പി പരാതിയുമായി കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

മെയ് 12-നാണ് 225 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15-ന് ഫലം പുറത്തുവരും.

chandrika: