ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗ പരിഭാഷകന് സംഭവിച്ച നാക്കുപിഴ സമൂഹമാധ്യമാങ്ങളില്‍ വൈറലാകുന്നു. ശ്രിംഖേരിയിലും ചിക്കമംഗലൂരുവിലും അമിത് ഷാ നടത്തിയ പ്രസംഗവും അതിന്റെ പരിഭാഷയുമാണ് അണികളില്‍ ചിരി പടര്‍ത്തിയത്.
പരിഭാഷ കേട്ട് രോഷാകുലനായ അമിത് ഷാ വേദിയില്‍ വെച്ച് പരസ്യമായി പരിഭാഷകനെ ശാസിച്ചു. ചിക്കമംഗലൂരുവിലെ പ്രസംഗത്തില്‍ സൗണ്ട് സിസ്റ്റത്തിലുണ്ടായ തകരാറായിരുന്നു ആദ്യം അമിത്ഷായെ ചൊടിപ്പിച്ചത്. പരിഭാഷകന്‍ പറയുന്നതൊന്നും ആദ്യ പത്ത് മിനിറ്റില്‍ ആളുകള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ അമിത്ഷാ പരിഭാഷകന്റെ മൈക്രോഫോണ്‍ തകരാറിയത് ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദി ബിജെപി പ്രധാനമന്ത്രിയാണെന്ന് പരിഭാഷകന്‍ പറഞ്ഞതാണ് ഷായെ ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചത്. ശ്രിംഗേരിയില്‍ നടത്തിയ പ്രസംഗത്തില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് മോദി ഒരുപ പവര്‍ പ്രൊഡക്ഷന്‍ ഹൗസാണെന്നും സിദ്ധരാമയ്യ ഒരു ചെറു ട്രാന്‍സ്‌ഫോമര്‍ മാത്രമാണെന്നുമായിരുന്നു അമിതാ ഷാ പറഞ്ഞത്. ഒന്ന് കത്തിപ്പോയാല്‍ ട്രാന്‍സ്‌ഫോമറിനെ കൊണ്ട് വൈദ്യുതി വിതരണം സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മോദി ട്രാന്‍സ്‌ഫോമറാണെന്നും സിദ്ധരാമയ്യ പവര്‍ പ്രൊഡക്ഷന്‍ ഹൗസ് ആണെന്നുമായിരുന്നു പരിഭാഷകന്റെ വിവരണം. ഇതോടെ രോഷാകുലനായ അമിത് ഷാ പരിഭാഷ തെറ്റാണെന്നും തിരുത്തി പറയണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് കാപ്പി തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴിലും കൂലിയും ഇല്ലെന്നും അപ്പോഴും സിദ്ധാരാമയ്യ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും അമിത് ഷാ പറഞ്ഞു.
‘സുഹൃത്തുക്കളേ ഇവിടുത്തെ കാപ്പിത്തോട്ടങ്ങള്‍ ഉണങ്ങിവരണ്ടുപോകുമ്പോഴും സിദ്ധരാമയ്യ സര്‍ക്കാര്‍ ഉറങ്ങുകയാണ്’ എന്ന അമിത് ഷായുടെ വാചകത്തെ സിദ്ധാരമയ്യ സര്‍ക്കാര്‍ വരണ്ടുണങ്ങിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു പരിഭാഷകന്‍ പറഞ്ഞത്. ഇതും അമിത് ഷാ തിരുത്തി. ഇങ്ങനെ തെറ്റുകള്‍ പറഞ്ഞ് ആളുകളെ ആശയക്കുഴപ്പത്തിലാക്കരുതെന്ന് അന്ത്യശാസന നല്‍കി കൊണ്ടായിരുന്നു ഇവിടേയും അമിത് ഷാ ഇടപെട്ടത്.
നേരത്തെ അമിത് ഷായുടെ നാക്കുപിഴ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ യെദ്യൂരപ്പയുടെതാണെന്നായിരുന്നു അമിത്ഷാ അന്ന് പറഞ്ഞത്.